2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുഖ്യ അജണ്ട, കോൺ​ഗ്രസ് പ്രവർത്തക സമിതിയോ​ഗം ഇന്ന് ഹൈദരാബാദിൽ

കോൺ​ഗ്രസ് പ്രവർത്തക സമിതിയോ​ഗം ഇന്ന് ഹൈദരാബാദിൽ ചേരും. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ മുൻനിർത്തി സുപ്രധാന തീരുമാനങ്ങളെടുക്കുക എന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട. ഇന്നും നാളെയുമായി രണ്ട് ദിവസങ്ങളിലാണ് യോഗം ചേരുന്നത്. വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ സീറ്റ് വിഭജന ചർച്ചകൾ തുടങ്ങാനിരിക്കെ നടത്തുന്ന യോ​ഗം നിർണായകമാണ്.

രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ എന്നിവയായിരിക്കും യോഗത്തിന്റെ മുഖ്യ ചർച്ചാ വിഷയങ്ങൾ. വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും പ്രധാന ചർച്ചയാകും. 18ന് ചേരുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനവും യോഗത്തിൽ ചർച്ചയാകും.

അംഗങ്ങൾക്ക് പുറമേ പ്രത്യേക ക്ഷണിതാക്കൾ, സ്ഥിരം ക്ഷണിതാക്കൾ, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പടെ 84 പേരാണ് ആദ്യദിനം യോഗത്തിനെത്തുക. രണ്ടാം ദിവസം പിസിസി അധ്യക്ഷൻമാരും സിഎൽപി നേതാക്കളും അടക്കം 147 പേരുണ്ടാകും. കേരളത്തിൽ നിന്ന് പ്രതിപക്ഷനേതാവ് വിഡി സതീശനും കെ സുധാകരനും യോഗത്തിനെത്തുന്നുണ്ട്. പുതുതായി പ്രവർത്തക സമിതിയംഗമായ ശശി തരൂരും സ്ഥിരം ക്ഷണിതാവായ രമേശ് ചെന്നിത്തലയും പ്രത്യേക ക്ഷണിതാവായ കൊടിക്കുന്നിൽ സുരേഷും യോഗത്തിനെത്തും.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം സംബന്ധിച്ച സമ്മർദം കണക്കിലെടുത്ത് നേതൃത്വം വിഷയം സംസ്ഥാന നേതാക്കളുമായി ചർച്ച ചെയ്യും. രാഹുൽ ​ഗാന്ധി ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പ് സംഘടിപ്പിക്കണമെന്ന നേതാക്കളുടെ ആവശ്യമാണ് പരിഗണിക്കാൻ സാധ്യതയുള്ള മറ്റൊരു വിഷയം.

Read more

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എന്നരീതിയിൽ നടത്താനായിരിക്കും ആലോചന. പ്രവർത്തക സമിതി യോ​ഗം സമാപിച്ച ശേഷം സംഘടിപ്പിക്കുന്ന വിജയഭേരി റാലിയിൽ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ആറ് വാഗ്ദാനങ്ങളടങ്ങിയ അഭയഹസ്തം പദ്ധതി സോണിയാ ഗാന്ധി പ്രഖ്യാപിക്കും.