അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവയ്ക്കും; ബിജെപി പരാജയ ഭീതി നേരിടുന്നുവെന്ന് കെസി വേണുഗോപാല്‍

ബിജെപി പരാജയ ഭീതി നേരിടുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ബിജെപിയുടെ പരാജയ ഭീതിയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്ര മന്ത്രിമാരെയും എംപിമാരെയും സ്ഥാനാര്‍ത്ഥികളാക്കിയതിന് കാരണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് മനസിലാക്കിയാണ് ബിജെപി നിയമസഭയിലേക്ക് പരീക്ഷണം നടത്തുന്നതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനുണ്ടാകും. അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവയ്ക്കും. അശോക് ഗലോട്ട്-സച്ചിന്‍ പൈലറ്റ് തര്‍ക്കം സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ബാധിക്കിക്കില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഇന്ന് എഐസിസി ആസ്ഥാനത്ത് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും.

മുഖ്യമന്ത്രി അശോക് ഗലോട്ട്, പിസിസി അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊത്താശ്ര എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടികയാവും ഇന്ന് പ്രഖ്യാപിക്കുക. 100 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാകും പ്രഖ്യാപിക്കുക. ബിജെപിയുടെ 90 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാംഘട്ട പട്ടികയും ഉടന്‍ പ്രഖ്യാപിക്കുമെന്നും 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.