കർണാടക മുഖ്യമന്ത്രിയാര്? തീരുമാനം ഡൽഹിയിൽ, സിദ്ധരാമയ്യക്കും ഡി.കെയ്ക്കും പിന്തുണയുമായി അണികൾ

കർണാടകയിൽ ബിജെപിയെ തകർത്തെറിഞ്ഞ് മിന്നുംവിജയം നേടിയ കോൺഗ്രസ് മറ്റൊരു പ്രതിസന്ധി നേരിടുകയാണ്. സംസ്ഥാനത്തെ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുന്നതിലാണ് തർക്കം. പാർട്ടിയെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യക്കാണ് പാർട്ടിയിൽ മുൻതൂക്കം. പിസിസി അദ്ധ്യക്ഷനായ ഡി കെ ശിവകുമാരിനു വേണ്ടിയും അണികൾ രംഗത്തുണ്ട്.

മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തീരുമാനിക്കും. ഇന്ന് ബംഗ്ലൂരുവിൽ ചേര്‍ന്ന എഎൽഎമാരുടെ നിയമസഭാകക്ഷി യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമായില്ല. ഇതോടെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ദേശീയ അദ്ധ്യക്ഷനോട് നിര്‍ദ്ദേശിച്ച് എംഎൽഎമാര്‍ പ്രമേയം പാസാക്കി.

എഐസിസി നിരീക്ഷകർ എംഎൽഎമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ട് അവരുടെ അഭിപ്രായം ആരായും. ശേഷം നാളെ ഡൽഹിയിലെത്തി ഹൈക്കമാന്റിന് റിപ്പോർട്ട് നൽകും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുമായി സംസാരിച്ച ശേഷമാകും തീരുമാനം പ്രഖ്യാപിക്കുക.