മോദിയുടെ പൊങ്ങച്ചത്തിന്റെ പ്രൊജക്ട് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തെ പരിഹസിച്ച് കോൺഗ്രസ്

മോദി സർക്കാർ മുൻകയ്യെടുത്ത പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ വിയോജിപ്പ് വ്യക്തമാക്കി കോൺഗ്രസ് നേതാക്കൾ. നരേന്ദ്രമോദിയുടെ പൊങ്ങച്ചത്തിന്‍റെ പ്രൊജക്ടാക്കി മന്ദിരത്തെ മാറ്റുകയാണെന്ന് കോൺ​ഗ്രസ് നേതാവും എംപിയുമായ ജയറാം രമേശ് വിമർശിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാർലമെന്‍റ് മന്ദിരം കല്ലും സിമന്റും കൊണ്ടുള്ള വെറും കെട്ടിടമല്ലെന്നും ശബ്ദമില്ലാത്തവരുടെ ശബ്ദമാണെന്നായിരുന്നു കോൺ​ഗ്രസ് എംപി മാണിക് ടാ​ഗോർ പറഞ്ഞത്. പ്രതിപക്ഷത്തിന്‍റെ മൈക്ക് ഓഫ് ചെയ്തുവച്ചിട്ട് പാർലമന്‍റ് മന്ദിരം കൊണ്ടുള്ള ഉപയോ​ഗമെന്താണെന്നും കോൺ​ഗ്രസ് നേതാക്കൾ ചോദിച്ചു.

പുതിയ പാർലമെന്‍റ് മന്ദിരം ഈ മാസം 28ന് ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ആർക്കിടെക്റ്റുകളായ എഡ്വിൻ ല്യുട്ടൻസും ഹെർബർട്ട് ബേക്കറും രൂപകൽപ്പന ചെയ്തതാണ് നിലവിലെ പാർലമെന്റ് മന്ദിരം. 96 വർഷമായി നിലനിൽക്കുന്ന കെട്ടിത്തിൽ നിന്നാണ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്.

രണ്ടര വർഷം കൊണ്ടാണ് അതിവിശാലമായ പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ പണി പൂർത്തിയാകിയത്. 970 കോടി ചെലവിൽ 64,500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ കെട്ടിടം. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളാനാകും.