കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ വീടിന് നേരെ തീയിട്ടു

കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ വീടിന് നേരെ ആക്രമണം. നൈനിറ്റാളിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് തീയിട്ടതിന്റെ ദൃശ്യങ്ങൾ മുൻ കേന്ദ്ര മന്ത്രി സൽമാൻ ഖുർഷിദ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. അയോദ്ധ്യയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തിൽ ഹിന്ദുത്വത്തെ തീവ്ര ഇസ്ലാമിസ്റ്റ് സംഘടനകളുമായി താരതമ്യപ്പെടുത്തുന്നു എന്ന് ആരോപിച്ചു പുസ്തകത്തിനെതിരെ സംഘപരിവാർ സംഘടനകൾ പ്രതിഷേധമുയർത്തിയിരുന്നു.

ഖുർഷിദ് ഫേയ്സ്ബുക്കിൽ പങ്കുവെച്ച ദൃശ്യങ്ങളിൽ അദ്ദേഹത്തിന്റെ നൈനിറ്റാൾ വസതിയിൽ തീജ്വാലകൾ ഉയരുന്നതും കത്തിയ വാതിലുകളും തകർന്ന ജനൽ പാളികളും കാണാം. രണ്ട് പേർ വെള്ളം ഒഴിച്ച് തീ അണയ്ക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഇങ്ങനെയൊരു കാളിങ് കാർഡിന്റെ ആവശ്യമില്ലായിരുന്നു, അല്ലാതെ തന്നെ ഈ വാതിലുകൾ നിങ്ങൾക്കായി തുറക്കുമായിരുന്നു. ഇതല്ല ഹിന്ദൂയിസം എന്ന് പറയുന്നത് ഇപ്പോഴും തെറ്റാണോ? എന്ന തലക്കെട്ടോടെയാണ് ഖുർഷിദ് വീടിന് നേരെയുള്ള ആക്രമണത്തിന്റെ ഫോട്ടോയും വീഡിയോയും ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

.