തെലങ്കാനയില്‍ 500 രൂപയ്ക്ക് ഗ്യാസ് സിലിന്‍ഡര്‍; തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കി കോണ്‍ഗ്രസ് സര്‍ക്കാര്‍; 200 യൂണിറ്റ് സൗജന്യ വൈദ്യുതി ഉടനെന്ന് രേവന്ത് റെഡ്ഡി

തെലുങ്കാനയില്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കി കോണ്‍ഗ്രസ് സര്‍ക്കാര്‍. സംസ്ഥാനത്ത് ഇനി മുതല്‍ 500 രൂപയ്ക്ക് പാചകവാതക സിലിന്‍ഡര്‍ നല്‍കും. ഉജ്ജ്വല സ്‌കീമിനുകീഴില്‍ ഗ്യാസ് സിലിന്‍ഡര്‍ ലഭിക്കുന്നവര്‍ക്കും വെള്ള റേഷന്‍ കാര്‍ഡുള്ളവര്‍ക്കുമാണ് ഈ ആനുകൂല്യമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. സിലിന്‍ഡര്‍ വാങ്ങുമ്പോള്‍ മുഴുവന്‍ തുകയും കൊടുക്കേണ്ടതുണ്ടെങ്കിലും 500 രൂപ കുറച്ചു ബാക്കി തുക അവരുടെ അക്കൗണ്ടില്‍ സബ്സിഡിയായെത്തും. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നല്‍കിയ ആറു ഗാരന്റികളില്‍ മൂന്നാമത്തെതാണിത്.

ആദ്യത്തെ വാഗ്ദാനമായ സര്‍ക്കാര്‍ ബസ്സുകളില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര ഇതിനകം നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗ്യാസ് സബ്സിഡി ലഭിക്കേണ്ടവരെ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി.

ഉജ്ജ്വല പദ്ധതിയുടെ കീഴിലുള്ള സബ്സിഡി ഇതുമായി ബന്ധപ്പെടുത്തിയാണ് നല്‍കുക. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ എണ്ണകമ്പനികളുമായി ചര്‍ച്ച നടത്തി ധാരണയിലെത്തി. മറ്റൊരു ഗാരന്റിയായ 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും ഉടന്‍തന്നെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അറിയിച്ചു.