കോൺഗ്രസിൽ ഇപ്പോൾ പ്രസിഡന്റില്ല, തീരുമാനങ്ങൾ എടുക്കുന്നത് ആരാണെന്ന് അറിയില്ല: കപിൽ സിബൽ

കോൺഗ്രസിൽ ഇപ്പോൾ പ്രസിഡന്റില്ലെന്നും ആരാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് തങ്ങൾക്ക് അറിയില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. പഞ്ചാബ് കോൺഗ്രസിന്റെ അദ്ധ്യക്ഷ പദവിയിൽ നിന്നും നവജ്യോത് സിംഗ് സിദ്ദു രാജിവെച്ചതുമായി ബന്ധപ്പെട്ട പ്രതിസന്ധിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു കപിൽ സിബൽ.

പഞ്ചാബ് പോലെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് പാർട്ടിയിൽ നിന്നും നേതാക്കൾ പുറത്തുപോകുകയും പ്രതിസന്ധികൾ നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ, പാർട്ടിയുടെ അവസ്ഥയെ കുറിച്ചും പ്രസിഡന്റിന്റെ അഭാവത്തെ കുറിച്ചും ഒരു ചർച്ച വേണമെന്ന് പാർട്ടി നേതാവ് കപിൽ സിബൽ ആവശ്യപ്പെട്ടു.

“കോൺഗ്രസിൽ ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഇല്ല. ആരാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല,” മുൻ കേന്ദ്ര മന്ത്രി കപിൽ സിബൽ പറഞ്ഞു.

“എന്തുകൊണ്ടാണ് ആളുകൾ പോകുന്നത്? അത് നമ്മുടെ തെറ്റാണോ എന്ന് നമ്മൾ കാണേണ്ടതുണ്ട്. കോൺഗ്രസിലെ വിരോധാഭാസം എന്തെന്നാൽ, അവരുമായി (നേതൃത്വം) അടുപ്പമുള്ളവർ വിട്ടുപോയി, അവരുമായി അടുപ്പമില്ലെന്ന് അവർ കരുതുന്ന ആളുകൾ ഇപ്പോഴും പാർട്ടിയിൽ തന്നെയുണ്ട്,” കപിൽ സിബൽ പറഞ്ഞു.

പഞ്ചാബിലെ കോൺഗ്രസിന്റെ പ്രതിസന്ധി തുടരുന്നതിനിടെയാണ് കപിൽ സിബലിന്റെ ഈ പരാമർശങ്ങൾ. പഞ്ചാബിലെ മുതിർന്ന കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കാനുള്ള വഴിയൊരുക്കിയതിന് പിന്നാലെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു ഇന്നലെ ആ സ്ഥാനം രാജിവച്ചിരുന്നു.

പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച നവജ്യോത് സിദ്ദുവുമായി സംസാരിച്ചതായി പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി അറിയിച്ചിരുന്നു. പ്രശ്‍നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കണമെന്നും ചരൺജിത്ത് ചന്നി പറഞ്ഞു. ചരൺജിത്ത് ചന്നി തന്റെ മന്ത്രിസഭ രൂപീകരിച്ചതിനെ തുടർന്ന് സിദ്ദു പാർട്ടിയുമായി ഒരു കൂടിയാലോചനയും നടത്താതെ രാജിവെയ്ക്കുകയായിരുന്നു.