തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ അടിമുടി മാറ്റം; മന്ത്രിമാരെ ജില്ലാ രക്ഷാധികാരികളാക്കി മാറ്റിയത് മുതല്‍ പ്രജാ പാലന പരിപാടി വരെ; ട്രാഫിക് ചെല്ലാനിലും 'വമ്പിച്ച ഡിസ്‌കൗണ്ട്'

കെ ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസിനെ തോല്‍പ്പിച്ച് തെലങ്കാന പിടിച്ചെടുത്തതില്‍ പിന്നെ തെലുങ്ക്‌നാട്ടില്‍ കാലുറപ്പിക്കാനുള്ള എല്ലാ വഴിയും കോണ്‍ഗ്രസ് നോക്കുന്നുണ്ട്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനപ്പുറം ആന്ധ്രാ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പും തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രത്യേക ശ്രദ്ധവെയ്ക്കുന്നതിന് കാരണമാണ്. ആന്ധ്രാപ്രദേശില്‍ ആഴത്തില്‍ പതിഞ്ഞിരുന്ന കോണ്‍ഗ്രസ് 2014ലെ വിഭജന ശേഷം തെലുങ്കരുടെ നാട്ടില്‍ തകര്‍ന്നടിയുകയായിരുന്നു. ഇപ്പോള്‍ തെലങ്കാന പിടിച്ചെടുത്ത കോണ്‍ഗ്രസിന് ആന്ധ്ര കൂടി നേടാനുള്ള കരുത്താര്‍ജ്ജിക്കാനുള്ള ശ്രമം ശക്തമാക്കിയേ മതിയാവൂ.

തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് വാഗ്ദാനമായി നല്‍കിയ ആറ് ഗ്യാരന്റികള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയപ്പോള്‍ തന്നെ രേവന്ത് റെഡ്ഡിയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തു തുടങ്ങിയിരുന്നു. ഓരോ മന്ത്രിമാര്‍ക്കും സംസ്ഥാനത്തെ ജില്ലകളുടെ ചുമതല നല്‍കി അവരെ രക്ഷകര്‍ത്താക്കളാക്കി മാറ്റി ജില്ലാടിസ്ഥാനത്തില്‍ പുരോഗതിക്ക് പുത്തന്‍ പരീക്ഷണം നടത്തുകയാണ് രേവന്ത്് സര്‍ക്കാര്‍. പ്രജാപാലന പരിപാടിയുടെ സുഗമമായ നടത്തിപ്പാണ് രേവന്ത് സര്‍ക്കാര്‍ ഇതുവഴി ലക്ഷ്യമിടുന്നത്. 10 മന്ത്രിമാരെയാണ് 33 ജില്ലകളുടെ ചുമതലയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഈ മന്ത്രിമാര്‍ ജില്ലാ രക്ഷാകര്‍തൃ മന്ത്രിമാര്‍ എന്നറിയപ്പെടും. മഹാരാഷ്ട്രയിലും കര്‍ണാടകയിലും നേരത്തെ ജില്ലാ രക്ഷാധികാരികളായി മന്ത്രിമാരെ ചുമതലപ്പെടുത്തി കോണ്‍ഗ്രസ് പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കിയിരുന്നു.

എന്‍ ഉത്തംകുമാര്‍ റെഡ്ഡി, കൊമാട്ടി റെഡ്ഡി വെങ്കട്ട് റെഡ്ഡി, ദാമോദര്‍ രാജ നരസിംഹ, ഡുഡ്ല ശ്രീധര്‍ ബാബു, പൊന്‍ഗുലട്ടി ശ്രീവാസ്തവ, പൊന്നം പ്രഭാകര്‍, ഡി അനസൂയ എന്ന സീതാക്ക, കൊന്‍ഡ സുരേഖ, നാഗേശ്വര റാവു, ജുപ്പല്ലി കൃഷ്ണറാവു എന്നിവരാണ് ജില്ലാ രക്ഷകര്‍ത്യ മന്ത്രിമാര്‍.

ഭരണപരവും പാര്‍ട്ടി സംബന്ധവുമായ കാര്യങ്ങള്‍ക്കിടയില്‍ ഒരു കണ്ണിയായി പ്രവര്‍ത്തിക്കുകയാണ് രക്ഷാകര്‍തൃ മന്ത്രിമാരുടെ ചുമതല. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതി പാര്‍ട്ടിയെ സഹായിക്കുക എന്ന ലക്ഷ്യവും ഇവര്‍ക്കുണ്ട്. ബിആര്‍എസിന് സ്വാധീനമുള്ള നഗര മേഖലകളില്‍ വേരുറപ്പിക്കുക എന്നതും കോണ്‍ഗ്രസ് ഇതുവഴി ലക്ഷ്യമിടുന്നുണ്ട്. തെലങ്കാനയില്‍ വളരാന്‍ ഷ്രമിക്കുന്ന ബിജെപിയുടെ സ്വാധീനശേഷി കുറയ്ക്കാനും താമരപാര്‍ട്ടി വേരൂന്നിയ ഇടങ്ങളിലും അവരുടെ ശക്തികേന്ദ്രങ്ങളിലും ശക്തമായ സംഘടനാശേഷി വളര്‍ത്തുകയും ഈ നീക്കങ്ങളിലൂടെ കോണ്‍ഗ്രസ് ഉന്നംവെയ്ക്കുന്നുണ്ട്.

പ്രജാ പാലന പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കാനാണ് ഈ തീരുമാനം. ഗവണ്‍മെന്റാണ് ജനങ്ങളിലേക്ക് എത്തേണ്ടതെന്നും അല്ലാതെ ആവശ്യങ്ങള്‍ക്കായി ജനങ്ങളല്ല ഗവണ്‍മെന്റിനെ തേടിയെത്താണ്ടതെന്നുമാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ കാഴ്ചപ്പാട്. പ്രജാ പാലന പരിപാടിയുടെ ഭാഗമായി ജില്ലകളില്‍ അപേക്ഷാ ഫോം നല്‍കുകയും അതുവഴി പ്രശ്‌നങ്ങള്‍ സര്‍ക്കാരില്‍ അറിയിക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുകയും ചെയ്യും.

ഇതിന് പുറമേ ട്രാഫിക് പിഴകളൊടുക്കാനും രേവന്ത് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് പുതിയ ഓഫര്‍ നല്‍കുന്നുണ്ട്. പെന്‍ഡിങ് ട്രാഫിക് ചെല്ലാന്‍ അടയ്ക്കാന്‍ 60 മുതല്‍ 90 വരെ കിഴിവ് നല്‍കിയാണ് വാഹന ഉടമകളെ സര്‍ക്കാര്‍ ഒറ്റതീര്‍പ്പ് നയത്തിലൂടെ സഹായിക്കുക. പെന്‍ഡിങ് ചലാനുകള്‍ യഥാര്‍ത്ഥ മൂല്യത്തിന്റെ ഒരു അംശം മാത്രം നല്‍കി തീര്‍പ്പാക്കാനുള്ള പദ്ധതി തെലങ്കാന സര്‍ക്കാര്‍ ചൊവ്വാഴ്ചയാണ് ആരംഭിച്ച. പദ്ധതി പ്രകാരം, സംസ്ഥാന സര്‍ക്കാര്‍ ട്രാഫിക് ചലാന്‍ തുകയില്‍ 60-90 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ സ്‌കീം ഡിസംബര്‍ 26 മുതല്‍ ജനുവരി 10 വരെയാണ് ജനങ്ങള്‍ക്ക് ഉപയോഗിക്കാനാവുക. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഉന്തുവണ്ടി ഉടമകള്‍ക്ക് 90 ശതമാനം ഇളവ് നല്‍കും. ചലാന്‍ തുകയുടെ 10 ശതമാനം മാത്രമേ ഇവര്‍ അടയ്‌ക്കേണ്ടതുള്ളൂ, ബാക്കിയുള്ള 90 ശതമാനം ഒഴിവാക്കും. ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കും ഇതേ ഇളവ് ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. ഇരുചക്ര വാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും കാര്യത്തില്‍ ചലാന്‍ തുകയുടെ 80 ശതമാനം സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. കാറുകള്‍ക്കും മറ്റ് ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കും ട്രക്കുകള്‍ക്കും മറ്റ് ഹെവി മോട്ടോര്‍ വാഹനങ്ങള്‍ക്കും 60 ശതമാനമാണ് ഇളവ്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ ഭാഗമായാണ് ഈ നടപടിയും.

തുക അടയ്ക്കുന്നതിന്, വാഹന ഉടമകളോട് തെലങ്കാന ട്രാഫിക് ഇ-ചലാന്‍ വെബ്സൈറ്റ് സന്ദര്‍ശിക്കാനും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വാഹനങ്ങള്‍ക്കെതിരായ പെന്‍ഡിംഗ് ചലാന്‍ പരിശോധിക്കാനും കിഴിവ് ഉപയോഗപ്പെടുത്തി നിശ്ചിത തിയതിക്കുള്ളില്‍ തുക ഓണ്‍ലൈനായി അടയ്ക്കാനും സര്‍ക്കാര്‍ ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തുടനീളം രണ്ട് കോടിയോളം ട്രാഫിക് ചലാനുകളാണ് കെട്ടിക്കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022ല്‍ രാജ്യത്തുടനീളമുള്ള ഗതാഗത നിയമലംഘനങ്ങളില്‍ 7,563.60 കോടി രൂപയുടെ 4.73 കോടി ചലാനുകള്‍ പുറപ്പെടുവിച്ചതായി ഈ വര്‍ഷാദ്യം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.