കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ ഉയരുന്നു: കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്ന് പ്രധാനമന്ത്രി

കേരളത്തിലും മഹാരാഷ്​ട്രയിലും കോവിഡ്​ രോഗികളുടെ എണ്ണം ഉയരുകയാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം തരംഗം തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തമിഴ്​നാട്​, ആന്ധ്രപ്രദേശ്​, കർണാടക, ഒഡീഷ, മഹാരാഷ്​ട്ര, കേരള മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്​ പ്രധാനമന്ത്രിയുടെ പരാമർശം.

രാജ്യത്തെ 80 ശതമാനം കോവിഡ്​ കേസുകളും ഈ ആറ്​ സംസ്ഥാനങ്ങളിൽ നിന്നാണ്. ടെസ്റ്റ്​, ട്രാക്ക്​, ട്രീറ്റ്​, വാക്​സിനേറ്റ്​ എന്ന മുദ്രവാക്യത്തിൽ ഊന്നിയാണ്​ മുന്നോട്ട്​ പോകേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രതിരോധത്തിന് കൂടുതൽ ഊന്നൽ നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ്​ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന്​ എല്ലാവരും ഓർമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് 24 മണിക്കൂറിനിടെ 38,949 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നാണ് ആരോ​ഗ്യമന്ത്രാലയം രാവിലെ പുറത്തുവിട്ട കണക്ക് പറയുന്നത്. 542 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചുട്ടുണ്ട്. ഇതോടെ സർക്കാർ കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,12,531 ആയി. കഴിഞ്ഞ ദിവസം 40,026 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.