ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് ക്ലീന്‍ചിറ്റ്; സുപ്രീം കോടതിക്കു മുമ്പില്‍ സ്ത്രീകളുടെ പ്രതിഷേധം

ലൈംഗിക ആരോപണ പരാതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ സംഭവത്തില്‍ സുപ്രീം കോടതിക്ക് മുമ്പില്‍ സ്ത്രീകളുടെ പ്രതിഷേധം. എന്നാല്‍, പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

ചീഫ് ജസ്റ്റിസിനെതിരെ സുപ്രീം കോടതി മുന്‍ ജീവനക്കാരി ഉന്നയിച്ച ആരോപണത്തില്‍ കഴമ്പില്ലെന്ന് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഇന്നലെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ പരാതിക്കാരി രംഗത്തെത്തിയിരുന്നു. നടപടിയില്‍ കടുത്ത നിരാശയും ദുഃഖവുമുണ്ടെന്നാണ് അവര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

താന്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചുവെന്നും ഉന്നത ജുഡീഷ്യറിയില്‍ നിന്നും നീതിയും പരിഹാരവും ലഭിക്കുമെന്ന പ്രതീക്ഷ തകര്‍ന്നെന്നും പരാതിക്കാരിയായ 35-കാരി പറഞ്ഞിരുന്നു.