ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം; ജെബി മേത്തര്‍ എം.പി ഉള്‍പ്പെടെയുള്ള നേതാക്കൾ കസ്റ്റഡിയില്‍

ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് ഇന്നും സംഘര്‍ഷം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ച് പൊലീസ് തടഞ്ഞു. രാഹുല്‍ ഗാന്ധിയെ കേസില്‍ കുടുക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. പ്രതിഷേധവുമായെത്തിയ മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.

ജെബി മേത്തര്‍ എം പി ഉള്‍പ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയില്‍ എടുത്തു. ബസിനുള്ളില്‍വെച്ച് പൊലീസ് മര്‍ദ്ദിച്ചെന്ന് ജെബി മേത്തര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധി ഇന്ന് എഐസിസി ആസ്ഥാനത്തേക്ക് എത്തിയേക്കില്ലെന്നാണ് വിവരം. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നത്. ചൊവ്വാഴ്ച തന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടെങ്കിലും ഇ.ഡി അംഗീകരിച്ചില്ല.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മണിക്കൂറുകളോളം രാഹുല്‍ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ യംഗ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം, അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ഉള്‍പ്പെട്ട പ്രത്യേക സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച രേഖകള്‍ ഇഡി രാഹുലിനെ കാണിച്ചു. ഇടപാടുകളിലെ സംശയങ്ങളും രാഹുലിനോട് ചോദിച്ചറിഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ മറുപടികള്‍ തൃപ്തികരമല്ലെന്നാണ് ഇഡി വ്യത്തങ്ങള്‍ നല്‍കുന്ന വിവരം.നാഷനല്‍ ഹെറാള്‍ഡ് പത്രം ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാടുകളും നികുതി വെട്ടിപ്പും നടന്നോയെന്നാണ് ഇഡി പരിശോധിക്കുന്നത്. രാഹുല്‍ ഗാന്ധിക്കൊപ്പം ഇഡി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയതിന് കസ്റ്റഡിയില്‍ എടുത്ത നേതാക്കളെ രാത്രി വൈകിയാണ് ഡല്‍ഹി പൊലീസ് വിട്ടയച്ചത്. ജെ ബി മേത്തര്‍ എം പി, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരെയടക്കം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.