എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്ത് സംഘര്‍ഷം; ഒ.പി.എസ്- ഇ.പി.എസ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി, ഒരാള്‍ക്ക് കുത്തേറ്റു

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ ആസ്ഥാനത്ത് സംഘര്‍ഷം. ജനറല്‍ കൗണ്‍സില്‍ യോഗത്തിന് മുമ്പ് ഒപിഎസ്- ഇപിഎസ് വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. ഇതേ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

ജനറല്‍ കൗണ്‍സില്‍ യോഗം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.നൂറ് കണക്കിനാളുകളാണ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഒ പനീര്‍ശെല്‍വത്തിന്റെ കാര്‍ ഇപിഎസ് വിഭാഗം അടിച്ചുതകര്‍ത്തു. ഇപിഎസ് വിഭാഗത്തിന്റെ പോസ്റ്ററുകള്‍ ഒ പനീര്‍ശെല്‍വത്തിന്റെ അനുയായികളും തകര്‍ത്തു. സംഘര്‍ഷം ശക്തമായപ്പോള്‍ പൊലീസ് ലാത്തി വീശുകയായിരുന്നു.

യോഗം തടയണമെന്ന് ആവശ്യപ്പെട്ട് ഒപിഎസ് വിഭാഗം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് യോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്. യോഗം നിയമാസുസൃതമല്ലെന്ന് പരാതിയുണ്ടെങ്കില്‍ സിവില്‍ കേസ് ഫയല്‍ ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

അതേമയം ചെന്നൈയില്‍ എഐഎഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം ചേരുകയാണ്. ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസാമിയെ തിരഞ്ഞെടുക്കും.