പൗരത്വ നിയമ ഭേദഗതി; അഖണ്ഡ ഭാരത കാപ്‌സ്യൂളുമായി അമിത്ഷാ

പൗരത്വ നിയമ ഭേദഗതി പ്രബല്യത്തില്‍ വന്നതിന് പിന്നാലെ മുസ്ലീങ്ങള്‍ക്കും പൗരത്വത്തിന് അപേക്ഷിക്കാമെന്ന് അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ദേശീയ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണക്കിലെടുത്താവും മുസ്ലീങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അമിത്ഷാ പറഞ്ഞു.

അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്നവര്‍ക്കും മതപരമായ പീഡനങ്ങള്‍ അനുഭവിച്ചവര്‍ക്കും അഭയം നല്‍കേണ്ടത് ഇന്ത്യയുടെ ഭരണഘടനാപരവും ധാര്‍മികവുമായ ഉത്തരവാദിത്വമാണെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-പാക് വിഭജന കാലത്ത് പാകിസ്ഥാനില്‍ 23 ശതമാനം ഹിന്ദുക്കള്‍ ഉണ്ടായിരുന്നു. ഇന്ന് അത് 3.7 ശതമാനമായി കുറഞ്ഞെന്നും ഷാ പറഞ്ഞു.

പാകിസ്ഥാനിലെ ഹിന്ദുക്കള്‍ എങ്ങോട്ടാണ് പോയത്. അവര്‍ ഇന്ത്യയിലേക്ക് കുടിയേറിയിട്ടില്ല. പാകിസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടന്നത്. ഹിന്ദുക്കള്‍ അവിടെ അപമാനിക്കപ്പെട്ടു. അവരെ രണ്ടാംതര പൗരന്മാരായാണ് പാകിസ്ഥാനില്‍ കണക്കാക്കിയിരുന്നത്. അവര്‍ എങ്ങോട്ട് പോകുമെന്നും ഇക്കാര്യത്തില്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും പാര്‍ലമെന്റും എന്തെങ്കിലും ചെയ്യേണ്ടതില്ലേയെന്നും അമിത്ഷാ ചോദിച്ചു.

1992ല്‍ അഫ്ഗാനിസ്ഥാനില്‍ രണ്ടുലക്ഷം സിഖുകാരും ഹിന്ദുക്കളും ഉണ്ടായിരുന്നു. ഇപ്പോള്‍ അത് 500 ആയി കുറഞ്ഞു. ബംഗ്ലാദേശില്‍ ജനസംഖ്യയുടെ 22 ശതമാനമുണ്ടായിരുന്ന ഹിന്ദുക്കള്‍ ഇന്ന് 10 ശതമാനം മാത്രമാണ്. അവര്‍ക്കും തങ്ങളുടെ വിശ്വാസങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ അവകാശമില്ലേയെന്നും ഷാ കൂട്ടിച്ചേര്‍ത്തു. ഭാരതം ഒന്നായിരുന്നപ്പോള്‍ എല്ലാവരും തങ്ങളുടെ സഹോദരീ സഹോദരന്‍മാരും അമ്മമാരുമായിരുന്നെന്നും ആഭ്യന്തര മന്ത്രി അഭിപ്രായപ്പെട്ടു.