'രംഗോലി പ്രതിഷേധം'; പൗരത്വ നിയമ ഭേദഗതിക്കെതിരെ കോലം വരച്ച് പ്രതിഷേധിച്ച് എം.കെ സ്റ്റാലിനും കനിമൊഴിയും

പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്വന്തം വീട്ടുമുറ്റത്ത് കോലം വരച്ച് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിനും എംപി കനിമൊഴിയും. ചെന്നൈയില്‍ പൗരത്വ ഭേദഗതിക്കെതിരെ കോലം വരച്ച പ്രതിഷേധിച്ചവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ്  ഇരുവരുടെയും കോലം വരച്ചുള്ള പ്രതിഷേധം. കോലത്തിനൊപ്പം പൗരത്വഭേദഗതി നിയമത്തിനും  ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെയുള്ള  മുദ്രാവാക്യങ്ങള്‍ കൂടി എഴുതിച്ചേര്‍ത്ത  ചിത്രങ്ങള്‍ സ്റ്റാലിനും  കനിമൊഴിയും ട്വീറ്ററില്‍  പങ്കുവച്ചു.

ചെന്നൈയില്‍ പൗരത്വ ഭേദഗതിക്കെതിരെ കോലം വരച്ച പ്രതിഷേധിച്ച അഞ്ചു പേരെ  കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ജാമ്യത്തിലെടുക്കാന്‍ ചെന്ന അഭിഭാഷകരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തവരെ പൊലീസ് പിന്നീട് വിട്ടയക്കുകയായിരുന്നു.

ഇവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. നിരവധിയാളുകള്‍ തങ്ങളുടെ വീട്ടുമുറ്റത്ത് പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കും എതിരെയുള്ള കോലങ്ങള്‍ ഇടുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെക്കുന്നുണ്ട്.

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് കോലം വരച്ചവരെ അറസ്റ്റ് ചെയ്ത ചെന്നൈ പൊലീസിന്റെ നടപടിയ്ക്കെതിരെ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ രംഗത്തെത്തിയിരുന്നു. ചെന്നൈയില്‍ മുഴുവന്‍ കോലങ്ങള്‍ നിറയട്ടെയെന്ന കണ്ണന്‍ ഗോപിനാഥനും ആഹ്വാനം ചെയ്തിരുന്നു.