സിഗരറ്റും പാന്‍ മസാലയും വിലയിലും പൊള്ളിക്കും; നികുതി വര്‍ധിപ്പിച്ച് പുകവലി ഉപേക്ഷിക്കാന്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍; ഇന്ന് മുതല്‍ വില കൂടും

പുകയില ഉത്പന്നങ്ങള്‍ക്കും പാന്‍ മസാലയ്ക്കും ഇന്നുമുതല്‍ വില കൂടും. നികുതി വര്‍ധിപ്പിച്ച് ഇത്തരം ഉത്പന്നങ്ങളെ കര്‍ശനമായി നിയന്ത്രിക്കാനുള്ള തീരുമാനം നേരത്തെതന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി ഒന്നുമുതല്‍ പുതിയ വില നിലവില്‍ വരുമെന്നായിരുന്നു പ്രഖ്യാപനം. ഈ ഉത്പന്നങ്ങള്‍ക്കുമേല്‍ എക്‌സൈസ് തീരുവയും പാന്‍ മസാലയ്ക്ക് ആരോഗ്യ, ദേശീയ സുരക്ഷാ സെസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചരക്കുസേവന നികുതി, എക്സൈസ് തീരുവ പരിഷ്‌കരണം എന്നിവ വന്നതോടെ വില കുത്തനെ കൂടും. നീളം അനുസരിച്ച് സിഗരറ്റിന് 15 മുതല്‍ 30 ശതമാനം വരെ വില വര്‍ധനയാണ് ഉണ്ടാകുന്നത്. സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്നത് 69 എംഎം, 74എംഎം എന്നീ വലിപ്പത്തിലുള്ള സിഗരറ്റുകളാണ്. ഇവയ്ക്ക് 15 ശതമാനം വില വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ബ്രാന്‍ഡഡ്, കിങ് സൈസ് സിഗരറ്റുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന നികുതി സ്ലാബ് ബാധകമാവും.

സിഗരറ്റുകള്‍ കൂടാതെ, മറ്റ് പുകയില ഉത്പന്നങ്ങള്‍ക്കും പാന്‍ മസാലയ്ക്കും വില വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അസംസ്‌കൃത പുകയിലയ്ക്ക് 60-70 ശതമാനം എക്‌സൈസ് തീരുവയും, ഇ-സിഗരറ്റുകള്‍ക്കും മറ്റ് നിക്കോട്ടിന്‍ ഉത്പന്നങ്ങള്‍ക്കും 100 ശതമാനം നികുതിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാന്‍ മസാല, ഗുട്ക തുടങ്ങിയ ഉത്പന്നങ്ങള്‍ക്കും ആരോഗ്യ, ദേശീയ സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2017 ജൂലായില്‍ ജിഎസ്ടി ആരംഭിച്ചപ്പോള്‍ മുതല്‍ നിലവിലുള്ള കോമ്പന്‍സേഷന്‍ സെസിനോടൊപ്പം 28 ശതമാനം ജിഎസ്ടി ഈടാക്കുന്ന പഴയ സംവിധാനത്തിന് പകരമായാണ് പുതിയ നികുതികള്‍ വരുന്നത്. പുതിയ നിയമങ്ങള്‍ അനുസരിച്ച്, 1,000 നോണ്‍-സ്റ്റാന്‍ഡേര്‍ഡ് അല്ലെങ്കില്‍ തനതായ ഡിസൈനുകളുള്ള സിഗരറ്റുകള്‍ക്ക് 2,050 രൂപ മുതല്‍ 8,500 രൂപ വരെ എക്‌സൈസ് തീരുവ ഈടാക്കും. സിഗരറ്റിന്റെ നീളത്തെയും ഇനത്തെയും ആശ്രയിച്ച് ചില വിഭാഗങ്ങളില്‍ ഇത് 11,000 രൂപ വരെ ഉയരും. റിപ്പോര്‍ട്ടുകള്‍ പ്രകാരം 65 മി.മീ വരെയുള്ള ചെറിയ നോണ്‍-ഫില്‍ട്ടര്‍ സിഗരറ്റുകള്‍ക്ക് ഒരു സ്റ്റിക്കിന് ഏകദേശം 2.05 രൂപ എക്‌സൈസ് തീരുവയും, ഇതേ നീളമുള്ള ചെറിയ ഫില്‍ട്ടര്‍ സിഗരറ്റുകള്‍ക്ക് 2.10 രൂപയും ഈടാക്കും. ഇടത്തരം നീളമുള്ള സിഗരറ്റുകള്‍ക്ക് ഒരു സ്റ്റിക്കിന് ഏകദേശം 4 രൂപയും, നീളമുള്ളവയ്ക്ക് 5.40 രൂപയും ഈടാക്കും. സിഗരറ്റുകളുടെ മൊത്തത്തിലുള്ള നികുതി ഭാരം 50-55 ശതമാനത്തില്‍ നിന്ന് 60-70 ശതമാനമായി ഉയരാം.

നിലവില്‍ 18 രൂപ വിലയുള്ള സിഗരറ്റുകളുടെ വില ഭാവിയില്‍ 70-72 രൂപയായി ഉയരാമെന്ന് വരെ ഈ നികുതി പരിഷ്‌കരണം വിലയിരുത്തി സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഈ വിലക്കയറ്റം സാമൂഹിക വിപത്തിന് കാരണമാകുമെന്ന ആശങ്കയും വിദഗ്ധര്‍ക്കുണ്ട്. നേരായ രീതിയില്‍ കനത്ത വിലകൊടുത്ത് വാങ്ങുന്നതിന് പകരം ബദല്‍ മാര്‍ഗങ്ങളിലൂടെ ആളുകള്‍ ഇത് വാങ്ങാന്‍ ശ്രമിക്കുന്നത് ഹാനികരമായ ആരോഗ്യപ്രതിസന്ധി സൃഷ്ടിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഹാനികരമായ പദാര്‍ഥങ്ങളുടെ നികുതി വര്‍ധിപ്പിച്ച് ആളുകളെ പുകവലി ഉപേക്ഷിക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യം അനധികൃതവും കള്ളക്കടത്ത് നടത്തുന്നതുമായ സിഗരറ്റുകളുടെ വില്‍പ്പനയ്ക്ക് കാരണമായേക്കുമെന്നാണ് വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നത്. അമിതമായ നികുതികള്‍ നിയമങ്ങള്‍ പാലിക്കുന്നതിന് പകരം ആളുകളെ വില കുറഞ്ഞതും നിയമവിരുദ്ധവുമായ ഉത്പന്നങ്ങളിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.