സൈനിക നടപടികളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു; ചൈനീസ് മാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ ചൈനീസ് മാധ്യമങ്ങളുടെ എക്‌സ് അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തി. ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസിന്റെയും സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയുടെയും എക്സ് അക്കൗണ്ടുകള്‍ക്കാണ് വിലക്കുള്ളത്.

ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് സിന്‍ഹുവ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കീഴിലുള്ള പീപ്പിള്‍സ് ഡെയ്‌ലിയുടെ ഇംഗ്ലീഷ് ടാബ്ലോയിഡ് പത്രമാണ് ഗ്ലോബല്‍ ടൈംസ്. ഇരുമാധ്യമങ്ങളുടെയും എക്‌സ് അക്കൗണ്ടുകള്‍ക്കാണ് നിലവില്‍ ഇന്ത്യയില്‍ വിലക്കുള്ളത്. വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടിരുന്നു.

സൈനിക നടപടിയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് വസ്തുതകള്‍ പരിശോധിക്കാനും കൃത്യത ഉറപ്പാക്കാനും ചൈനയിലെ ഇന്ത്യന്‍ എംബസി ഗ്ലോബല്‍ ടൈംസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ചൈനീസ് മാധ്യമങ്ങളെ കൂടാതെ തുര്‍ക്കിയുടെ ടിആര്‍ടി വേള്‍ഡിന്റെയും എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വലിക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

പാകിസ്ഥാന്‍ അനുകൂല ഹാന്‍ഡിലുകള്‍ അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ പ്രചരിപ്പിക്കുകയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഉറവിടങ്ങള്‍ പരിശോധിക്കാതെ മാധ്യമങ്ങള്‍ ഇത്തരം വിവരങ്ങള്‍ പങ്കുവെക്കുന്നത് ഉത്തരവാദിത്തത്തിലും മാധ്യമപ്രവര്‍ത്തന ധാര്‍മ്മികതയിലും വലിയ വീഴ്ചയാണെന്ന് എംബസി എക്‌സ് പോസ്റ്റില്‍ കുറിച്ചു.