യു.പിയില്‍ മാധ്യമ പ്രവര്‍ത്തകനെയും സഹോദരനെയും വെടിവെച്ച് കൊന്ന സംഭവം; സഹായധനം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിലെ സഹാറൻപൂരിൽ വെടിയേറ്റ് മരിച്ച മാധ്യമപ്രവർത്തകന്റെയും സഹോദരന്റെയും ബന്ധുക്കൾക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 5 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.

മാധ്യമപ്രവര്‍ത്തകനേയും സഹോദരനേയും വീട്ടില്‍ക്കയറി അക്രമിസംഘം വെടിവെച്ചു കൊല്ലുകയായിരുന്നു. ദൈനിക് ജാഗരണ്‍ പത്രത്തിന്റെ ലേഖകനായ ആശിഷ് ജന്‍വാനിയും സഹോദരന്‍ അശുതോഷുമാണ് കൊല്ലപ്പെട്ടത്. കോത്വാലി പൊലീസ് സ്റ്റേഷന്റെ അധികാരപരിധിയിലുള്ള സഹാറന്‍പൂരിലെ മാധവ്‌നഗര്‍ പ്രദേശത്താണ് സംഭവം.

മാലിന്യവും കന്നുകാലി അവശിഷ്ടങ്ങളും പുറംതള്ളുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ആശിഷും സഹോദരനും വെടിയേറ്റു മരിച്ചുതെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സ്ഥലത്തെ മദ്യ മാഫിയയാണ് സംഭവത്തിന് പിന്നിൽ എന്നും ആരോപണം ഉണ്ട്. സംഭവത്തില്‍ യു.പി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആശിഷിന്റെ അയല്‍ക്കാരാണ്‌ സംഭവത്തെ കുറിച്ച് പൊലീസിനെ അറിയിച്ചത്.ആശിഷിന്‍ന്റെ ആറ് മാസം ഗര്‍ഭിണിയായ ഭാര്യയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

സംഭവം നടന്ന ഉടന പ്രദേശവാസികളെല്ലാം ചേര്‍ന്ന് ആശിഷിനെയും സഹോദരനെയും ആശുപത്രിയിലെത്തിച്ചിരുന്നു. സംശയാസ്പദമായ നീക്കങ്ങളെ കുറിച്ച് പരിശോധന നടത്താന്‍ ആശിഷിന്റെ വസതിക്ക് സമീപത്തും പരിസരത്തും പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.