ഡിജെ പാർട്ടിയിലെ ശബ്ദം മൂലം കോഴികൾ ചത്തു; അയൽവാസിക്കെതിരെ പരാതിയുമായി ഫാം ഉടമ

വിവാഹഘോഷത്തിന്റെ ഭാ​ഗമായി അയൽവാസി നടത്തിയ ഡി.ജെ പാർട്ടിയുടെ ശബ്ദം മൂലം കോഴികൾ ചത്തെന്ന് പരാതിയുമായി ഫാം ഉടമ രം​ഗത്ത്. ഒഡിഷയിലെ ബാലസോറിലുള്ള പൗൾട്രി ഫാം ഉടമ രഞ്ജിത്ത് പരിദയാണ് ഡി.ജെ പാർട്ടി മൂലം തന്റെ 63 കോഴികള്‍ ചത്തുവെന്ന പരാതിയുമായി എത്തിയത്. അയൽവാസിയായ രാമചന്ദ്രന്റെ വീട്ടിൽ നടന്ന ആഘോഷത്തിലെ ഉച്ചത്തിലുള്ള ശബ്ദം താങ്ങാനാകാതെ ചത്തതാണെന്നാണ് ആരോപണം.

നീലഗിരി പോലീസ് സ്റ്റേഷനു കീഴിലുള്ള ബാലസോറിലെ കണ്ടഗരാഡി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഞായറാഴ്ച നടന്ന സംഭവത്തെ തുടര്‍ന്ന്, പരിദ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തു. രാത്രി 11 മണിയോടെ വിവാഹ ഘോഷയാത്ര ഉച്ചത്തില്‍ പാട്ട് വെച്ച് തന്റെ ഗ്രാമത്തിലേക്ക് വന്നുവെന്നും അവര്‍ ഉച്ചത്തില്‍ പടക്കം പൊട്ടിച്ചുവെന്നും പരിദ പറയുന്നു.

ശബ്ദം കേ‌ട്ട് കോഴികൾ അസ്വസ്ഥരായിരുന്നു. 2000 ബ്രോയിലര്‍ കോഴികളാണ് ഫാമിൽ ഉണ്ടായിരുന്നത്. ഇത് ശ്രദ്ധയിൽ പെട്ട് ഡിജെയോട് ശബ്ദം കുറയ്ക്കാൻ താനാവശ്യപ്പെട്ടു. എന്നാല്‍ അവർ മദ്യപിച്ച് തന്നെ അസഭ്യം പറയുകയായിരുന്നുവെന്നും പരിദ പറയുന്നു. ഉച്ചത്തിലുള്ള ശബ്ദം കേട്ടായിരിക്കാം കോഴികൾ ചത്തതെന്ന് വെറ്റിനറി ഡോക്ടറും പറഞ്ഞതായി ഇദ്ദേഹം ചൂണ്ടിക്കാട്ടി.

ഫാമുടമ രഞ്ജിത്ത് 22 കാരനായ എൻജിനീയറിം​ഗ് ബിരുദ ധാരിയാണ്. ജോലിയൊന്നും ലഭിക്കാതായതോടെ ബാങ്കിൽ നിന്നും 2 ലക്ഷം രൂപ ലോണെടുത്താണ് കോഴി ഫാം തു‌ടങ്ങിയത്. കോഴികൾ ചത്തതിന് അയൽക്കാരനോട് നഷ്‌ടപരിഹാരം ചോദിച്ച് ലഭിക്കാഞ്ഞതോ‌ടെയാണ് പരാതിയുമായി പെലാസിനെ സമീപിച്ചത്.