ചാണകത്തില്‍ നിര്‍മ്മിച്ച പെട്ടിയുമായി നിയമസഭയിലെത്തി ഛത്തീസ്ഗഢ് മുഖ്യമന്ത്രി

ബുധനാഴ്ച ബജറ്റ് അവതരണത്തിന് സാധാരണ പെട്ടികളില്‍ നിന്ന് വ്യത്യസ്തമായി ചാണകത്തില്‍ നിര്‍മ്മിച്ച പെട്ടിയുമായാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍ നിയമസഭയില്‍ എത്തിയത്. പെട്ടിയുമായി അദ്ദേഹം ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുകയും ചെയ്തു.

എക് പാഹല്‍ വനിത സഹകരണ സംഘമാണ് ചാണകം കൊണ്ടുള്ള പെട്ടി നിര്‍മ്മിച്ചത്. 10 ദിവസം സമയം എടുത്ത് വിവിധ അടരുകളായി ചാണകപ്പൊടി ഉപയോഗിച്ചാണ് പെട്ടി നിര്‍മ്മിച്ചിരിക്കുന്നത് എന്ന് നവഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചുണ്ണാമ്പ് പൊടി, മരത്തടി, മൈദ എന്നിവയും ചാണക പെട്ടിയുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്.

2022-23 വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കാനാണ് ധനമന്ത്രി കൂടിയായ ഭൂപേഷ് ഭാഗെല്‍ എത്തിയത്. തിങ്കളാഴ്ചയാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും, കന്നുകാലി സംരക്ഷണത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതായിരിക്കും ബജറ്റ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകരില്‍ നിന്നും പണം നല്‍കി ചാണകം ശേഖരിക്കുമെന്നും അത് ഉപയോഗിച്ച് വിവിധ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ 2020ല്‍ പ്രഖ്യാപിച്ചിരുന്നു.

ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ചാണകത്തെ ഉപയോഗപ്പെടുത്തണമെന്നും രാസവളം ഒഴിവാക്കിചാണകം അടക്കമുള്ള വസ്തുക്കള്‍ ഉപയോഗിക്കണമെന്നും നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞിരുന്നു.