ഫാത്തിമ ലത്തീഫിന്റെ മരണം: രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ചു; ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം അവസാനിപ്പിച്ചു

ഫാത്തിമ ലത്തീഫിന്റെ മരണത്തെ തുടര്‍ന്ന് മദ്രാസ് ഐ.ഐ.ടിയില്‍ വിദ്യാര്‍ത്ഥികള്‍  നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഫാത്തിമയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് ആഭ്യന്തര അന്വേഷണ സമിതി രൂപവത്കരിക്കാമെന്ന ഐ.ഐ.ടി ഡീന്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്.

ഐ.ഐ.ടിയുടെ ഡയറക്ടര്‍ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയാല്‍ ഉടന്‍തന്നെ  ആഭ്യന്തര അന്വേഷണ സമിതി രൂപവത്കരിക്കുമെന്നും ഡീന്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണത്തെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാമെന്ന ഉറപ്പും ഡീന്‍ നല്‍കിയതോടെയാണ് സമരം പൂര്‍ണമായി പിന്‍വലിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ അറിയിച്ചത്.

വിദ്യാര്‍ത്ഥികളുടെ മറ്റ് ആവശ്യങ്ങളും ഐ.ഐ.ടി അധികൃതര്‍ പൂര്‍ണമായി അംഗീകരിച്ചുണ്ട്. എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെല്‍ രൂപവത്കരിക്കണമെന്നും മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ വിദഗ്ധരുടെ സേവനം ലഭ്യമാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യവും അധികൃതര്‍ അംഗീകരിച്ചു.

തിങ്കളാഴ്ച മുതലാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്. മലയാളികളായ അവസാനവര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥി അസര്‍ മൊയ്തീന്‍, ഗവേഷണ വിദ്യാര്‍ത്ഥി ജസ്റ്റിന്‍ തോമസ് എന്നിവരാണ് സമരം തുടങ്ങിയത്. വിദ്യാര്‍ത്ഥികളുടെ സാംസ്‌ക്ാരിക കൂട്ടായ്മ ചിന്താബാറിന്റെ ആഭീമുഖ്യത്തിലാണ് സമരം ആരംഭിച്ചത്.