പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് ചന്നി സത്യപ്രതിജ്ഞ ചെയ്തു, ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തു

പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കി നിൽക്കെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുമുള്ള അമരീന്ദർ സിംഗിന്റെ നാടകീയമായ രാജിക്ക് പിന്നാലെ ചരൺജിത് സിംഗ് ചന്നി ഇന്ന് പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

പഞ്ചാബിലെ ആദ്യത്തെ ദളിത് സിഖ് മുഖ്യമന്ത്രിയാണ് ചരൺജിത് സിംഗ് ചന്നി. സുഖ്ജീന്ദർ സിംഗ് രൺധാവ, ഓം പ്രകാശ് സോണി എന്നീ രണ്ട് ഉപമുഖ്യമന്ത്രിമാരും ചുമതലയേറ്റു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വോട്ടെടുപ്പ് ഗണിതത്തെ ശക്തിപ്പെടുത്താൻ ശ്രദ്ധാപൂർവ്വമുള്ള തിരഞ്ഞെടുപ്പാണ് നടന്നിരിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തു. അദ്ദേഹം പങ്കെടുക്കില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പഞ്ചാബ് കോൺഗ്രസിലെ പ്രതിസന്ധി കൈകാര്യം ചെയ്തതിൽ രാഹുൽ ഗാന്ധി കടുത്ത വിമർശനം നേരിട്ടിരുന്നു, അമരീന്ദർ സിംഗും പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തർക്കങ്ങളായിരുന്നു കഴിഞ്ഞ ആറ് മാസമായുള്ള കോൺഗ്രസിലെ പ്രതിസന്ധികൾക്ക് കാരണമായത്.