ചരൺജിത് സിംഗ് ഛന്നി കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഉടൻ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിൽ  ചരൺ ജിത് സിങ് ഛന്നി കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും.ലുധിയാനയിൽ രാഹുൽ ഗാന്ധിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.മോദിക്കും കെജ്‌രിവാളിനും ഏകാധിപത്യ സ്വഭാവമാണെന്ന് രാഹുൽ കുറ്റപ്പെടുത്തി.സാധാരണക്കാരനെ മനസിലാക്കാൻ കഴിയുന്ന തരത്തിൽ വളർന്ന് വന്ന നേതാവാണ് ഛന്നി എന്ന് രാഹുൽ പറഞ്ഞു.

നിലവിലെ മുഖ്യമന്ത്രിയായ ചരൺജിത് സിംഗ് ഛന്നിയെ സ്വകാര്യ സർവേയിലും പാർട്ടി പ്രവർത്തകർക്കിടയിൽ നടത്തിയ അഭിപ്രായത്തിലും മുന്നിലെത്തിയതിനെ തുടർന്നാണ് തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ടുകൾ.ഇതോടെ സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷനായ സിദ്ദു ഹൈക്കമാന്റിനെതിരെ രംഗത്ത് എത്തിയിരുന്നു.

രാഹുൽഗാന്ധിയുടെ പ്രഖ്യാപനം എന്തായാലും പൂർണ്ണപിന്തുണ നൽകുമെന്നും താൻ മുഖ്യമന്ത്രിയായാൽ പഞ്ചാബിലെ മാഫിയകളെ തുടച്ചു നീക്കുമെന്നും സിദ്ദു പറഞ്ഞു. പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന പരിപാടിയിലാണ് സിദ്ദുവിന്റെ പരാമർശം.

മുഖ്യമന്ത്രി  ഛന്നി നാലു മാസം കൊണ്ട് പ്രശംസനീയ ഭരണം കാഴ്ചവെച്ചുവെന്ന് സിദ്ദു പുകഴ്ത്തി. വേദിയിൽ വെച്ച് സിദ്ദുവിനെ ഛന്നി ആശ്ലേഷിച്ചു. തീരുമാനം എന്തായാലും സ്വാഗതം ചെയ്യുന്നുവെന്ന് ഛന്നി പറഞ്ഞു. മുൻ പി സി സി അധ്യക്ഷൻ സുനിൽ ഝാക്കർ, കെ സി വേണുഗോപാൽ, പഞ്ചാബിന്റെ ചുമതലയുള്ള ഹരിഷ് പൗധരി തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.