ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലില്‍ തുടരും; കൂടുതല്‍ ടി.ഡി.പി. നേതാക്കള്‍ അറസ്റ്റില്‍

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടി.ഡി.പി. അദ്ധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ വീട്ടുതടങ്കല്‍ ഇന്നും തുടരും. ചന്ദ്രബാബു നായിഡുവും മകന്‍ നരാ ലോകേഷും അടുത്ത 24 മണിക്കൂര്‍ കൂടി വീട്ടുതടങ്കലില്‍ തുടരുമെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ വസതിക്ക് മുമ്പില്‍ പൊലീസ് നോട്ടീസ് പതിച്ചു.

ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെ ടി.ഡി.പി. ആസൂത്രണം ചെയ്ത വന്‍ പ്രതിഷേധം തടയുന്നതിന്റെ ഭാഗമായാണ് ചന്ദ്രബാബു നായിഡു അടക്കമുള്ള ടി.ഡി.പി. നേതാക്കളെ പൊലീസ് വീട്ടുതടങ്കലിലാക്കിയത്. കഴിഞ്ഞദിവസം നായിഡുവിന്റെ വസതിയിലെത്തിയ പൊലീസ് സംഘം പ്രധാന ഗേറ്റ് ഒഴികെ വീട്ടിലേക്കുള്ള എല്ലാ ഗേറ്റുകളും അടച്ചുപൂട്ടി. നായിഡുവിനെയും മകനെയും വീട്ടില്‍ നിന്ന് പുറത്തിറങ്ങാനും പോലീസ് അനുവദിച്ചില്ല. ഡി.എസ്.പിമാരുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘമാണ് നായിഡുവിന്റെ വസതിക്ക് മുമ്പില്‍ ക്യാമ്പ് ചെയ്യുന്നത്. ഇതിനിടെയാണ് വീട്ടുതടങ്കല്‍ നീട്ടുന്നതായി കാണിച്ച് പൊലീസ് നോട്ടീസ് പതിച്ചത്.

നായിഡുവിന് പുറമേ പല തെലുങ്കുദേശം നേതാക്കളെയും പൊലീസ് കഴിഞ്ഞ ദിവസം വീട്ടുതടങ്കലിലാക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. വിജയവാഡ എം.പി. കെസിനേനി ശ്രീനിവാസ്, രാജ്യസഭാംഗം കെ.രവീന്ദ്രകുമാര്‍, കെ.അച്ചനായിഡു തുടങ്ങിയ നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിജയവാഡയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തങ്ങുകയായിരുന്ന മുന്‍ മന്ത്രി ഭൂമ അഖിലയെയും പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതിനിടെ, ഗുണ്ടൂരില്‍ ചില വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് പിടികൂടിയിട്ടുണ്ടെന്നാണ് വിവരം. ടി.ഡി.പി.യുടെ പ്രതിഷേധത്തിന് മറുപടിയായി പ്രകടനം നടത്താന്‍ ആഹ്വാനം ചെയ്ത വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പൊലീസിന്റെ പിടിയിലായത്. ചലോ ആത്മകുര്‍ എന്ന പേരില്‍ വൈ.എസ്.ആര്‍. പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനത്തിനും പോലീസ് അനുമതി നിഷേധിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഗുണ്ടൂരിലും പല്‍നാട് ഉള്‍പ്പെടെയുള്ള മേഖലകളിലും വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.