രാജ്യത്ത് സെന്‍സസ് സംബന്ധിച്ച് നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ജാതി സെന്‍സസ് നടപ്പാക്കാന്‍ കേന്ദ്ര കാബിനറ്റ് കമ്മിറ്റി തീരുമാനിച്ചു. അടുത്ത ജനസംഖ്യാ സെന്‍സസിനൊപ്പം ജാതി സെന്‍സസും നടപ്പാക്കാന്‍ രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രി അശ്വിനി ബൈഷ്ണവ് പറഞ്ഞു.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറെ കാലമായി ഉന്നയിച്ചിരുന്ന ആവശ്യമാണ് രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കുക എന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ജാതി സെന്‍സസ് നടപ്പാക്കാന്‍ തയ്യാറായിരുന്നില്ലെന്ന് മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തെ രാഷ്ട്രീയ വത്കരിച്ച് ആക്ഷേപം ഉന്നയിക്കുകയും ചെയ്തിരുന്നു.
നേരത്തെ രാജ്യത്ത് പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി വിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി ഉറപ്പാക്കാന്‍ ജാതി സെന്‍സസ് അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കിയിരുന്നു. പല സംസ്ഥാനങ്ങളിലും നടത്തിയ സെന്‍സസ് നടപടിക്രമങ്ങള്‍ അശാസ്ത്രീയമാണെന്നും കോണ്‍ഗ്രസും ഇന്ത്യ സഖ്യ പങ്കാളികളും ജാതി സെന്‍സസിനെ ഒരു രാഷ്ട്രീയ ഉപകരണം ആയി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്നായിരുന്നു അശ്വിനി ബൈഷ്ണവിന്റെ പ്രതികരണം.
Read more
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കാന്‍ തീരുമാനമുണ്ടായത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനം താത്കാലികമായി ഉപേക്ഷിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനാലാണ് തീരുമാനം.