സ്വന്തം ക​ടം നി​യ​ന്ത്രി​ക്കാ​ന്‍ കഴിയാത്ത കേന്ദ്രം സംസ്ഥാനങ്ങളുടെ പരിധി നിശ്ചയിക്കുമ്പോൾ

സ്വ​ന്തം ക​ടം നി​യ​ന്ത്രി​ക്കാ​ന്‍ കഴിയാത്ത കേന്ദ്രം സംസ്ഥാനങ്ങളുടെ കടം നിയന്ത്രിക്കുമ്പോൾ… കേരളത്തിന്റെ സാമ്പത്തികാവസ്ഥ അപകടകരമായ അവസ്ഥയിലാണെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയ കേന്ദ്രസർക്കാരിന് അതെ നാണയത്തിൽ മറുപടി നൽകി കേരളം.

സംസ്ഥാനങ്ങളുടെ കടമെടുപ്പ് നിയന്ത്രിക്കാൻ കേന്ദ്രത്തിന് ഭരണഘടന ഒരു അവകാശവും നൽകുന്നില്ലെന്ന് കേരളം വ്യക്തമാക്കി. കേ​ര​ള​ത്തി​ന്‍റെ ക​ട​മെ​ടു​ക്ക​ൽ പ​രി​ധി കു​റ​ച്ച​തി​നെ​തി​രാ​യ കേ​സി​ൽ കേ​ന്ദ്രം ന​ൽ​കി​യ സ​ത്യ​വാ​ങ്‌​മൂ​ല​ത്തി​നു​ള്ള മ​റു​പ​ടി സ​ത്യ​വാ​ങ്‌​മൂ​ല​ത്തി​ലാ​ണ് കേ​ര​ളം കേ​ന്ദ്ര സർക്കാരിന്റെ മോ​ശം ധ​ന​കാ​ര്യം തുറന്നുകാട്ടിയത്.

സ്വ​ന്തം ക​ടം നി​യ​ന്ത്രി​ക്കാ​ന്‍ കേ​ന്ദ്ര​ത്തി​ന് ക​ഴി​യു​ന്നി​ല്ല. ഇ​ന്ത്യ​യു​ടെ ആ​കെ ക​ട​ത്തി​ന്‍റെ 60 ശ​ത​മാ​ന​വും കേ​ന്ദ്ര സ​ർ​ക്കാ​രി​​ന്റേ​താ​ണെ​ന്നും രാജ്യത്തെ 28 സം​സ്ഥാ​ന​ങ്ങ​ളും കൂ​ടി ചേ​ര്‍ന്നാ​ൽ മാ​ത്ര​മേ ബാ​ക്കി​യു​ള്ള 40 ശ​ത​മാ​നം തി​ക​യൂ എ​ന്നും സു​പ്രീം​കോ​ട​തി​യി​ൽ കേ​ന്ദ്രം ന​ല്‍കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​നു​ള്ള മ​റു​പ​ടി​യി​ൽ കേ​ര​ളം വ്യ​ക്ത​മാ​ക്കി.

കേ​ന്ദ്രം ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ ഇ​ക​ഴ്ത്തി​ക്കാ​ട്ടാ​നാ​ണ് ​​​ശ്രമമെന്നും കേരളം അറിയിച്ചു. റ​വ​ന്യൂ​ വ​രു​മാ​നം നോ​ക്കാ​തെ ​വാ​ങ്ങു​ന്ന ക​ട​ത്തി​ന് കേ​ര​ളം പ​ലി​ശ കൊ​ടു​ത്തു മു​ടി​യു​ക​യാ​ണെ​ന്നും സം​സ്ഥാ​നം സാ​മ്പ​ത്തി​ക​മാ​യി അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണെ​ന്നും കേ​ന്ദ്രം ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. എന്നാൽ കേ​ന്ദ്ര​ത്തി​ന്റെ നിലവിലെ അ​വ​സ്ഥ മ​റ​ച്ചു​​വെ​ച്ചാ​ണ് ത​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് കേ​ര​ളം ചൂ​ണ്ടി​ക്കാ​ട്ടി. ​

ഒ​രു സം​സ്ഥാ​ന​ത്തി​ന്‍റെയും ക​ട​മെ​ടു​പ്പ് നി​യ​ന്ത്രി​ക്കാ​ൻ കേ​ന്ദ്ര​ത്തി​ന് ഭ​ര​ണ​ഘ​ട​ന അ​വ​കാ​ശം ന​ൽ​കു​ന്നി​ല്ല. രാ​ജ്യ​ത്തി​ന്‍റെ ആ​കെ ക​ട​ത്തി​ന്‍റെ 1.70-1.75 ശ​ത​മാ​നം മാ​ത്ര​മാ​ണു 2019-2023 കാ​ല​ത്തെ കേ​ര​ള​ത്തി​ന്‍റെ ക​ടം. സം​സ്ഥാ​ന​ങ്ങ​ൾ സാമ്പത്തിക ധൂ​ർ​ത്ത് ന​ട​ത്തി​യാ​ൽ പോ​ലും അ​തു ദേ​ശീ​യ സാമ്പത്തിക ​സ്ഥി​തി​യെ ബാ​ധി​ക്കു​മെ​ന്ന വാ​ദം സാ​ങ്ക​ൽ​പ്പി​ക​മാ​ണ്. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ൾ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ​രി​ധി​ക​ൾ​ക്കു കീ​ഴി​ൽ മാ​ത്ര​മേ ക​ട​മെ​ടു​ക്കാ​ൻ ക​ഴി​യൂ​വെ​ന്നും കേ​ര​ളം ചൂ​ണ്ടി​ക്കാ​ട്ടി.

വി​ക​സ​ന​ത്തി​ലും മ​റ്റു മാ​ന​വ​വി​ഭ​വ സൂ​ചി​ക​യി​ലും കേ​ര​ളം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ​ക്കൊ​പ്പം മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ എ​ത്തി​ല്ല. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കേ​ര​ളം ആ​രോ​ഗ്യ​ത്തി​നും പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​നും ബ​ജ​റ്റി​ൽ കൂ​ടു​ത​ൽ തു​ക വ​ക​യി​രു​ത്തു​ന്നു​ണ്ട്. എന്നാൽ കേരളത്തോട് അ​വി​ക​സി​ത സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് അ​നു​കൂ​ല​മാ​യ മാ​ന​ദ​ണ്ഡ​മാ​ണ് ധ​ന​കാ​ര്യ ക​മീ​ഷ​ന്‍ സ്വീ​ക​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന്റെ ധ​ന​കാ​ര്യ​സ്ഥി​തി മ​റ്റു സം​സ്ഥാ​ന​ങ്ങ​ളു​ടെ ശ​രാ​ശ​രി​യു​മാ​യി തു​ല​നം​ ചെ​യ്യു​ന്ന​ത് നീ​തീ​ക​രി​ക്കാ​നാ​കി​ല്ലെന്നും സത്യവാങ്മൂലം വിശദീകരിക്കുന്നു. ക​ഴി​ഞ്ഞ കു​റേ പ​തി​റ്റാ​ണ്ടു​ക​ളാ​യി ജ​ന​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​താ​ണ് കേ​ര​ള​ത്തെ മാ​ന​വ വി​ക​സ​ന സൂ​ചി​ക​യി​ൽ രാ​ജ്യ​ത്തെ മു​ൻ​നി​ര​യി​ൽ എ​ത്തി​ച്ച​ത്.

കേ​ന്ദ്ര​ത്തി​ന്‍റെ മോ​ശം ക്ര​ഡി​റ്റ് റേ​റ്റിം​ഗ് കേ​ര​ള​ത്തി​ലെ സം​രം​ഭ​ങ്ങ​ളെ മോ​ശ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. കി​ഫ്ബി വി​ദേ​ശ വാ​ണി​ജ്യ വാ​യ്പ​ക​ളി​ലൂ​ടെ ഫ​ണ്ട് സ​മാ​ഹ​രി​ച്ച​പ്പോ​ൾ കേ​ന്ദ്ര​ത്തി​ന്‍റെ മോ​ശം റേ​റ്റിം​ഗ് കേ​ര​ള​ത്തെ ബാ​ധി​ച്ചു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് കേ​ര​ള​ത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​​ലാ​ക്കു​ക​യാ​ണ് കേ​ന്ദ്രത്തിന്റെ ലക്ഷ്യം. ഇ​ത് സം​സ്ഥാ​ന​ത്ത് ട്ര​ഷ​റി മു​ട​ക്ക​ത്തി​ലേ​ക്ക​ട​ക്കം ന​യി​ക്കു​മെന്ന് കേരളം ഭയപ്പെടുന്നുണ്ട്. അ​ടി​യ​ന്ത​ര​മാ​യി 2,62,226 കോ​ടി രൂ​പ ക​ട​മെ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണമെന്നാണ് കേരളം സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നത്. കേ​ന്ദ്ര​ത്തി​നെ​തിരെ കേ​ര​ളം നൽ​കി​യ കേ​സ് ഫെ​ബ്രു​വ​രി 13 നാണ് ​സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കുന്നത്.

ഫെഡറല്‍ സംവിധാനത്തില്‍ പിരിക്കുന്നതിനുള്ള സംവിധാനം കേന്ദ്രത്തിനുള്ളതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ടത് തിരിച്ചു നല്‍കണം എന്നത് തന്നെയാണ് കേരളത്തിന്റെ നിലപാട്. ഭരണഘടനയിൽ കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിലെ രാഷ്ട്രീയം മാത്രമല്ല സാമ്പത്തികവും നിര്‍വചിച്ചിട്ടുണ്ട്. ആദായനികുതി ആയാലും ജിഎസ്ടി ആയാലും ഇന്ത്യയില്‍ നിന്നല്ല സംസ്ഥാനങ്ങളില്‍ നിന്നാണ് പിരിവ് നടക്കുന്നത്. യഥാർത്ഥത്തിൽ നാസിക്കിലെ നോട്ടടിക്കുന്ന പ്രസ് മാത്രമാണ് കേന്ദ്രത്തിന്റെ ആസ്തി എന്ന് പറയുന്നതിൽ തെറ്റുണ്ടോ.