ലോക്ക്ഡൗൺ ഏപ്രിൽ 14 വരെ മാത്രം; നീട്ടുമെന്ന വാർത്ത തള്ളി കേന്ദ്ര സർക്കാർ

കൊറോണ വൈറസ് പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മൂന്നാഴ്ച നീളുന്ന ലോക്ക് ഡൗൺ നീട്ടില്ലെന്ന് കേന്ദ്രസ‍ർക്കാർ. ഏപ്രിൽ 14ന് ലോക്ക്ഡൗൺ കാലാവധി കഴിയുമ്പോൾ നീട്ടിവെക്കാൻ സാദ്ധ്യതയുണ്ട് എന്നതരത്തിൽ വാർത്തകൾ പ്രചരിക്കവെയാണ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടരി രാജീവ് ​ഗൗബ ഇക്കാര്യം വ്യക്തമാക്കിയത്.

മാര്‍ച്ച് 25 മുതല്‍ മൂന്ന് ആഴ്ചക്കാലമാണ് പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ ആയി പ്രഖ്യാപിച്ചത്. അതായത് ഏപ്രില്‍ 14 വരെ രാജ്യം അടച്ചിരിക്കുകയാണ്. ലോക്ക് ഡൗണില്‍ അവശ്യസര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങള്‍ അടക്കമുള്ളവ നിര്‍ത്തിവെച്ചിരിക്കുകയുമാണ്. ആളുകള്‍ വീടുകളില്‍ തന്നെ തുടരണമെന്നാണ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ലോക്ക് ഡൗൺ നീട്ടുന്നതിനെ കുറിച്ചുള്ള ഒരു ആലോചനയും കേന്ദ്ര സർക്കാർ നടത്തുന്നില്ല. ഇത്തരം വാർത്തകൾ കാണുമ്പോൾ ആശ്ചര്യം തോന്നുകയാണ്. ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന തരത്തിലുള്ള വാർത്തകളോട് പ്രതികരിച്ചു കൊണ്ട് രാജീ​വ് ​ഗൗബ പറഞ്ഞു.

ചൈനയിലേതിന് സമാനമായി കൂടുതൽ ദിവസത്തേക്ക് ഇന്ത്യയും ലോക്ക് ഡൗൺ നീക്കിയേക്കും എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലും മറ്റു വലിയ പ്രചാരണം നടക്കുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോ​ഗസ്ഥൻ തന്നെ രം​ഗത്തു വന്നിരിക്കുന്നത്.

അതേസമയം ലോക്ക് ഡൗണിലും ചരക്കു​ഗതാ​ഗതം മുടങ്ങരുതെന്നും വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസവും ഉറപ്പാക്കണമെന്നും കേന്ദ്രം നി‍ർദേശിച്ചു.