ബാർകോഴ കേസ് അന്വേഷിക്കാമെന്ന് സി.ബി.ഐ സുപ്രീംകോടതിയിൽ

.ബാർകോഴ കേസ് അന്വേഷിക്കാമെന്ന് സുപ്രീം കോടതിയെ അറിയിച്ച് സിബിഐ. ടി എൽ ജേക്കബ് എന്നയാൾ നൽകിയ ഹർജിയിലാണ് സിബിഐ നിലപാട് അറിയിച്ചത്. രമേശ് ചെന്നിത്തല, വിഎസ് ശിവ കുമാർ, കെ ബാബു, ജോസ് കെ മാണി എന്നീ നേതാക്കൾക്കെതിരെ   അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

2014 ൽ ധനമന്ത്രിയായിരുന്ന കെ എം മാണി സംസ്ഥാനത്ത് അടഞ്ഞുകിടന്ന ബാറുകൾ തുറക്കാനായി കൈക്കൂലിയായി പണം കൈപ്പറ്റി എന്നതാണ് കേസിനടിസ്ഥാനമായ ആരോപണം. ബാറുടമയായിരുന്ന ബിജു രമേശിന്റെ ആരോപണമാണ് കേസിന് ആധാരം. രമേശ് ചെന്നിത്തല, വിഎസ് ശിവ കുമാർ, കെ ബാബു, എന്നിവരും പണം കൈപ്പറ്റിയെന്നും ഇവർക്കെതിരെ അന്വേഷണം വേണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്.

മുൻപ് കേരള ഹൈക്കോടതിയും, സുപ്രീം കോടതിയും കേസിൽ സിബിഐ അന്വേഷണം എന്ന ആവശ്യം നിരസിച്ചിരുന്നു. തുടർന്നാണ് വീണ്ടും സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. സുപ്രീം കോടതി ആവശ്യപ്പെട്ടാൽ അന്വേഷണം ആകാമെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്.