മഹുവ മൊയ്ത്രയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണം; നടത്തിയത് കടുത്ത ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമെന്ന് പാര്‍ലമെന്ററി എത്തിക്‌സ് കമ്മിറ്റി

ചോദ്യത്തിന് കോഴ ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ പാസ്‌വേര്‍ഡ് അടക്കം കൈമാറിയ മഹുവ എംപിയായി തുടരാന്‍ അനുവദിക്കരുതെന്നും പാര്‍ലമെന്ററി എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

500 പേജുള്ള റിപ്പോര്‍ട്ടില്‍ മഹുവയുടെ പ്രവൃത്തികള്‍ അങ്ങേയറ്റം നീചവും കടുത്ത ശിക്ഷ അര്‍ഹിക്കുന്നതുമാണെന്നും വിഷയത്തില്‍ എത്രയും വേഗത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അനധികൃതമായി ഉപയോഗിക്കാന്‍ പാര്‍ലമെന്ററി യൂസര്‍ ഐഡി വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിക്ക് കൈമാറിയെന്ന് തെളിഞ്ഞു. ഇതു കൈമാറിയതിന്റെ പ്രതിഫലമായി പണവും മറ്റു വസ്തുക്കളും സ്വീകരിച്ചെന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് സമര്‍പ്പിക്കും. കടുത്ത ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണ് മഹുവ ചെയ്തതെന്ന് പാര്‍ലമെന്ററി എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നേരത്തെ, പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി ചെയര്‍മാനെതിരെ മഹുവ മൊയ്ത്ര രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ പണം വാങ്ങിയെന്ന ആരോപണത്തില്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരായപ്പോള്‍ മോശം അനുഭവമാണ് തനിക്ക് ഉണ്ടായതെന്നാണ് എംപി പറയുന്നത്. ഇക്കാര്യം വ്യക്തമാക്കി ലോക്സഭാ സ്പീക്കര്‍ക്ക് അവര്‍ കത്ത് കൈമാറിയിരുന്നു.

മോശം ചോദ്യങ്ങള്‍ ചോദിച്ചെന്ന് ആരോപിച്ചു ഹിയറിങ്ങിനിടെ ഇറങ്ങിപ്പോയതിന് ശേഷമാണ് അവര്‍ സ്പീക്കര്‍ക്ക് കത്ത് കൈമാറിയത്. പരാതിയുടെ പകര്‍പ്പ് എക്സ് പ്ലാറ്റ്ഫോമിലൂടെ മഹുവ പുറത്തുവിട്ടിരുന്നു. കമ്മിറ്റിയിലെ എല്ലാ അംഗങ്ങളുടെയും മുന്നില്‍വച്ചു താന്‍ വസ്ത്രാക്ഷേപത്തിനു ഇരയാക്കപ്പെട്ടതുപോലെ ആയെന്നും മഹുവ ആരോപിച്ചു.

എത്തിക്സ് കമ്മിറ്റിയില്‍ നിന്നും അപമാനിക്കുന്ന വ്യക്തിപരമായ ചോദ്യങ്ങളുണ്ടായെന്നു മഹുവ മൊയ്ത്ര കത്തില്‍ ആരോപിച്ചു. നീതിപൂര്‍വമല്ലാത്ത, മുന്‍വിധിയോടുകൂടിയ പെരുമാറ്റമാണു തനിക്കുനേരെയുണ്ടായത്. എത്തിക്സ് പാനലിനു യാതൊരുവിധ നൈതികതയും നീതിയുമില്ലെന്നും പറഞ്ഞ മഹുവ ചെയര്‍മാന്‍ പക്ഷപാതപരമായാണു പ്രവര്‍ത്തിച്ചതെന്നും കത്തില്‍ കുറ്റപ്പെടുത്തി.

എന്തു തരം യോഗമാണിത്. അവര്‍ ചോദിച്ചത് വൃത്തികെട്ട ചോദ്യങ്ങളാണ്. ഭരണപക്ഷ എം.പിമാരിലൊരാള്‍ യോഗത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്തു. എന്തുതരം ചോദ്യങ്ങളാണവ. നിങ്ങള്‍ കേട്ടാല്‍ കണ്ണില്‍ നിന്ന് കണ്ണീര് വരും. എന്റെ കവിളില്‍ കണ്ണീര് കാണുന്നുണ്ടോയെന്നും അവര്‍ കമ്മറ്റി ബഹിഷ്‌കരിച്ച് ഇറങ്ങിയശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാര്‍ലമെന്റ് ലോഗിന്‍ വിവരങ്ങള്‍ കൈമാറിയതു വഴി താന്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് മഹുവ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.