രാജ്യ വിരുദ്ധ മുദ്രാവാക്യം വിളി; ശ്രീനഗറില്‍ 13 പേരെ അറസ്റ്റ് ചെയ്തു

ശ്രീനഗറിലെ ജാമിയ മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ 13 പേരെ അറസ്റ്റ് ചെയ്തു.രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

പ്രാര്‍ത്ഥനയ്ക്കായി 24,000 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. പ്രാര്‍ത്ഥന അവസാനിച്ചതോടെ ഒരു കൂട്ടം ആളുകള്‍ ദേശവിരുദ്ധവും പ്രകോപനപരവുമായ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. മുദ്രാവാക്യം വിളിയും ഗുണ്ടാവിളയാട്ടവും തടയാന്‍ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി ശ്രമിച്ചെന്നും ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായന്നെും ശ്രീനഗര്‍ എസ്എസ്പി രാകേഷ് ബല്‍വാള്‍ പറഞ്ഞു.

സംഭവത്തിന് പിന്നില്‍ പാക് തീവ്രവാദ ബന്ധവും പൊലീസ് സംശയിക്കുന്നുണ്ട്. പിടിയിലായവരില്‍ ചിലര്‍ക്ക് ക്രമിനല്‍ പശ്ചാത്തലം ഉണ്ട്. പാകിസ്ഥാന്‍ ഭീകര സംഘടനകളുടെ നിര്‍ദ്ദേശപ്രകാരമാണ് സംഘര്‍ഷം സൃഷ്ടിച്ചതെന്നാണ് പൊലീസ് നിഗമനം. അറസ്റ്റിലായവരില്‍ ബഷ്‌റത്ത് നബി ബട്ട്, ഉമര്‍ മന്‍സൂര്‍ ഷെയ്ക്ക് എന്നിവര്‍ സമാനമായ കേസുകളില്‍ മുമ്പും പിടിയിലായവരാണ്.

Read more

2019 ഓഗസ്റ്റ് 5 ന് ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ വലിയ സാംസ്‌കാരിക-മത കേന്ദ്രമായ മസ്ജിദ് അടച്ചിട്ടിരുന്നു. പിന്നീട് സുരക്ഷാ കാരണങ്ങളും കോവിഡ് നിയന്ത്രണങ്ങളും കാരണം പള്ളി മിക്കവാറും അടച്ചിട്ടിരിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തോളം അടച്ചിട്ട ശേഷം കഴിഞ്ഞ മാസമാണ് പ്രാര്‍ത്ഥനയ്ക്കായി തുറന്നത്.