'പൗരത്വ ബില്ലിനെ പിന്തുണയ്ക്കുന്നത് രാഷ്ട്രത്തിന് എതിരായ ആക്രമണം'; ശിവസേനക്ക് എതിരെ പരോക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി

ലോക്‌സഭയില്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമര്‍ശമവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരായ ആക്രമണമാണ് പൗരത്വ ഭേദഗതി ബില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ബില്ലിനെ പിന്തുണച്ച് ലോക്‌സഭയില്‍ വോട്ട് ചെയ്ത,  മഹാരാഷ്ട്രയില്‍ പാര്‍ട്ടിയുടെ സഖ്യകക്ഷിയായ ശിവസേനക്കെതിരെയും രാഹുല്‍ പരോക്ഷ വിമര്‍ശനം നടത്തി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

രാഷ്ട്രതാത്പര്യം മുന്‍നിര്‍ത്തിയാണ് ബില്ലിനെ പിന്തുണക്കുന്നതെന്നായിരുന്നു ശിവസേനയുടെ പ്രതികരണം. പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനക്കെതിരായ ആക്രമണമാണ്. ഈ ആക്രമണത്തെ ആര് പിന്തുണച്ചാലും അത് നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ തകര്‍ക്കാനുള്ള ശ്രമമാണ്-രാഹുല്‍ ട്വീറ്റ് ചെയ്തു.

ശിവസേനയുടെയടക്കം പിന്തുണയോടെയാണ് കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ മോദി സര്‍ക്കാര്‍ ബില്‍ പാസാക്കിയത്. ബില്‍ രാജ്യത്ത് ഒരു അദൃശ്യ വിഭജനത്തിന് വഴിവെയ്ക്കുമെന്ന് ശിവസേന മുഖപത്രം സാമ്‌ന ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബില്‍ ലോക്‌സഭയിലെത്തിയപ്പോള്‍ അവര്‍ പിന്തുണയ്ക്കുകയും ചെയ്തു. രാഷ്ട്രതാത്പര്യം മുന്‍നിര്‍ത്തിയാണ് ശിവസേന  അനുകൂലിച്ചതെന്നും പൊതുമിനിമം പരിപാടി മഹാരാഷ്ട്രയില്‍ മാത്രമേ പ്രാവര്‍ത്തികമാക്കുവെന്നുമാണ് സേനാ എംപി അരവിന്ദ് സാവന്ത് പ്രതികരിച്ചത്. മഹാരാഷ്ട്ര രാഷ്ട്രീയവുമായി ഇതിനെ ബന്ധപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.