ശിവസേന പാര്‍ട്ടിയും ചിഹ്നവും നഷ്ടപ്പെട്ടു; ഏക്‌നാഥ് ഷിന്‍ഡെ യഥാര്‍ത്ഥ പക്ഷമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ഒറ്റപ്പെട്ട് ഉദ്ധവ് താക്കറെ

ഏക്‌നാഥ് ഷിന്‍ഡെ പക്ഷമാണ് യഥാര്‍ഥ ശിവസേനയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ശിവസേന എന്ന പേരും പാര്‍ട്ടിയുടെ ചിഹ്നമായ അമ്പും വില്ലും ഉപയോഗിക്കാന്‍ ഷിന്‍ഡെ പക്ഷത്തിന് കമീഷന്‍ അനുമതി നല്‍കിയതോടെ ഉദ്ധവ് താക്കറെ പക്ഷത്തിന് കനത്ത തിരിച്ചടിയായി.

ശിവസേന സ്ഥാപകന്‍ ബാലാസാഹേബ് താക്കറെയുടെ പാരമ്പര്യം തങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഇരു വിഭാഗങ്ങളും അവകാശപ്പെട്ടിരുന്നത്. ഉദ്ധവ് പക്ഷത്തിന് ദീപശിഖ ചിഹ്നമായും ശിവസേന ഉദ്ധവ് ബാലെസാഹെബ് താക്കറെ’ പേരായും അനുവദിച്ച കമീഷന്‍ ഷിന്‍ഡെ പക്ഷത്തിന് ‘വാളും പരിചയും’ ചിഹ്നമായും ‘ബാലസാഹെബാംചി ശിവസേന’ പേരായുമാണ് അനുവദിച്ചത്.

ശിവസേന എന്ന പേരില്‍ ഏക്‌നാഥ് ഷിന്‍ഡെ അവകാശവാദം ഉന്നയിക്കുമ്പോള്‍ തങ്ങളാണ് യഥാര്‍ഥ ശിവസേനയെന്ന് ഉദ്ധവ് താക്കറെ തിരഞ്ഞെടുപ്പ് കമീഷന് മുമ്പില്‍ ആവര്‍ത്തിച്ചിരുന്നു. 2018ല്‍ ശിവസേനയുടെ ഭരണഘടന മാറ്റിയത് നിയമവിരുദ്ധമാണെന്ന് ഷിന്‍ഡെയുടെ അഭിഭാഷകന്‍ മഹേഷ് ജഠ്മലാനി വാദിച്ചത്. എം.എല്‍.എമാരായാലും എം.പിമാരായാലും പാര്‍ട്ടിയലെ അംഗങ്ങളായാലും ഭൂരിപക്ഷ പിന്തുണ ഷിന്‍ഡെ വിഭാഗത്തിനാണെന്നും ജഠ്മലാനി വ്യക്തമാക്കിയിരുന്നു.

വിമത എം.എല്‍.എമാരുടെ സഹായത്തോടെ ഉദ്ധവ് താക്കറെ വിഭാഗത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് ബി.ജെ.പിയുമായി ചേര്‍ന്ന് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചതോടയാണ് വിവാദങ്ങള്‍ ഉടലെടുക്കുന്നത്. 55ല്‍ 40 എം.എല്‍.എമാരും 18ല്‍ 12 എം.പിമാരുമായി ചേര്‍ന്ന് ഷിന്‍ഡെ ശിവസേനയെ പിളര്‍ത്തിയത്. ഇതിന് പിന്നാലെയാണ് ശിവസേനയെ പിടിക്കാനുള്ള നീക്കം ഷിന്‍ഡെ-ഉദ്ധവ് വിഭാഗങ്ങള്‍ തുടങ്ങിയത്. യഥാര്‍ഥ ശിവസേനയെന്നത് ഏക്‌നാഥ് ഷിന്‍ഡെ പക്ഷമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടി വിലയിരുത്തിയതോടെ വന്‍ തിരിച്ചടിയാണ് ഉദ്ധവ് താക്കറെ പക്ഷത്തിന് ലഭിച്ചിരിക്കുന്നത്.