എഡ്യൂടെക്ക് ഭീമന്‍ നിലയില്ലാകയത്തിലേക്ക് മുങ്ങുന്നു; ബൈജൂസില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; നഷ്ടംകുറക്കാന്‍ ജീവനക്കാര്‍ക്ക് നല്ല 'പണി'

എഡ്യൂടെക്ക് ഭീമനായ ബൈജൂസ് ആയിരത്തിലധികം ജീവനക്കാരെക്കൂടി പിരിച്ചു. നഷ്ടംകുറക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആറു മാസത്തിനുള്ളില്‍ ബൈജൂസില്‍ നടക്കുന്ന രണ്ടാമത്തെ കൂട്ടപ്പിരിച്ചുവിടലാണിത്. ഡിസൈന്‍, പ്രൊഡക്ഷന്‍, എന്‍ജിനീയറിങ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പുതുതായി വെട്ടിക്കുറച്ചിരിക്കുന്നത്.

എന്‍ജിനീയറിങ് വിഭാഗത്തിലെ മുന്നൂറോളം പേര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. പ്രതിസന്ധിയും നഷ്ടവും മൂലം മാസങ്ങള്‍ക്കുമുമ്പ് 2,500 ജീവനക്കാരെ ബൈജൂസ് പിരിച്ചുവിട്ടിരുന്നു. ബൈജൂസിന്റെ ബെംഗളൂരു ഓഫീസിലെ ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ കമ്പനി ശ്രമിക്കുന്നത്. രാജിവെയ്ക്കാന്‍ കമ്പനി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ആരോപിച്ച് കര്‍ണാടക സ്റ്റേറ്റ് ഐ.ടി-ഐ.ടി ഇതര ജീവനക്കാരുടെ യൂനിയന്‍ (കെ.ഐ.ടി.യു) നേരത്തെ രംഗത്തെത്തിയിട്ടുണ്ട്.

സ്വയം രാജിവെച്ചില്ലെങ്കില്‍ കമ്പനിയില്‍നിന്ന് പുറത്താക്കുമെന്നാണ് കമ്പനി അധികൃതരുടെ ഭീഷണിയെന്ന് കെ.ഐ.ടി.യു സെക്രട്ടറി സൂരജ് നിടിയങ്ക മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജീവനക്കാരെ പുറത്താക്കി ഭാവിനശിപ്പിക്കുമെന്നും കമ്പനി ഭീഷണപ്പെടുത്തുന്നുണ്ടെന്നും ജീവനക്കാര്‍ ആരോപിച്ചു.

മാനേജര്‍മാരില്‍നിന്നോ സുപ്പര്‍വൈസര്‍മാരില്‍നിന്നോ ബോര്‍ഡ് അംഗങ്ങളില്‍നിന്നോ ഉള്ള സമ്മര്‍ദങ്ങളുടെ പരിണിതഫലമായി ഒരു ജീവനക്കാരന്‍ രാജിവെച്ചാല്‍ അത് നിര്‍ബന്ധിത രാജിയായാണ് പരിഗണിക്കപ്പെടുക. ജീവനക്കാരെ രാജിവെപ്പിക്കാന്‍ വിവിധ തന്ത്രങ്ങളാണ് ബൈജൂസ് പയറ്റുന്നത്. കമ്പനിയില്‍നിന്ന് പുറത്താക്കിയാല്‍ അത് ജീവനക്കാര്‍ ഭാവിയില്‍ മറ്റു കമ്പനികളില്‍ പ്രവര്‍ത്തിക്കുന്നതിനെ ദോഷകരമായി ബാധിക്കുമെന്നും അതിനാല്‍ രാജിവെക്കണമെന്നുമാണ് ബൈജൂസിന്റെ എച്ച്.ആര്‍ മാനേജര്‍ ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച ആവശ്യങ്ങള്‍ അടങ്ങിയ രേഖകളൊന്നും ജീവനക്കാര്‍ക്ക് കമ്പനി നല്‍കിയിട്ടില്ലെന്നും വ്യക്തിപരമായി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നും യൂണിയന്‍ വെളിപ്പെടുത്തി.

പുറത്താക്കിയാല്‍ നഷ്ടപരിഹാരമടക്കമുള്ളവ കമ്പനി നല്‍കേണ്ടിവരും. എന്നാല്‍, ജീവനക്കാര്‍ സ്വയം രാജിവെച്ചാല്‍ ഇത്തരം ആനുകൂല്യങ്ങളൊന്നും നല്‍കേണ്ടതില്ല. ബൈജൂസില്‍നിന്ന് ജീവനക്കാരെ പുറത്താക്കിയാല്‍ത്തന്നെ എത്രപേര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നും പറയാനാവില്ലെന്ന് യൂണിയന്‍ വ്യക്തമാക്കി. നേരത്തെ, കേരളത്തിലെ ഓഫീസ് പൂട്ടുകയാണെന്നും ജീവനക്കാരോട് ബെംഗളൂരു ഓഫീസിലേക്ക് മാറാനും ബൈജൂസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, വാര്‍ത്ത മാധ്യമങ്ങളില്‍ എത്തിയതോടെ കമ്പനി നിലപാട് മാറ്റിയിരുന്നു.