28,000 കോടി വിദേശനിക്ഷേപമായെത്തി; അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്തില്ല; ഫെമ നിയമങ്ങള്‍ ലംഘിച്ചു; ബൈജൂസ് ഓഫീസുകളിലും സി.ഇ.ഒയുടെ വീട്ടിലും ഇ.ഡി റെയ്ഡ്

എഡ്യൂടെക്ക് ഭീമനായ ബൈജൂസ് ആപ്പിന്റെ ഓഫീസുകളില്‍ റെയിഡ് നടത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബൈജൂസ് സിഇഒ ബൈജു രവീന്ദ്രന്റെ വീട്ടിലും ഓഫീസിലുമാണ് ഇഡി റെയിഡ് നടത്തുന്നത്. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് അന്വേഷണ ഏജന്‍സി തിരച്ചില്‍ നടത്തുന്നത്. ഇവിടെ നിന്ന് നിരവധി രേഖകളും ഡിജിറ്റല്‍ ഡാറ്റയും പിടിച്ചെടുത്തതായാണ് വിവരം.

ഇഡിയുടെ കണക്ക് അനുസരിച്ച് 2011-നും 2023-നും ഇടയില്‍ കമ്പനിക്ക് 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ലഭിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ തന്നെ 9,754 കോടി രൂപ വിദേശത്തേക്ക് അയച്ചതായും കണ്ടെത്തിയിരുന്നു.

പരസ്യം, മാര്‍ക്കറ്റിംഗ് എന്നിവയുടെ പേരില്‍ 944 കോടിയാണ് കൈമാറിയിരിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ കമ്പനി സാമ്പത്തിക രേഖകള്‍ തയ്യാറാക്കിയിട്ടില്ലെന്നും അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം ഇഡി നടത്തും.

സ്വകാര്യ വ്യക്തികളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന എന്നും നിരവധി സമന്‍സുകള്‍ അയച്ചെങ്കിലും ബൈജു രവീന്ദ്രന്‍ ഇഡിക്ക് മുമ്പാകെ ഹാജരായിരുന്നില്ലെന്നും പറയുന്നു. 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ കമ്പനി സാമ്പത്തിക സ്ഥിതിവിവര കണക്ക് തയ്യാറാക്കുകയോ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ഇ.ഡി പറഞ്ഞു. വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ബൈജൂസ് കടന്നുപോകുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ ആയിരത്തിലധികം പേരെയാണ് കമ്പനി പിരിച്ചുവിട്ടത്. ഇതിനിടെയാണ് ഇഡിയുടെ റെയിഡ് നടക്കുന്നത്.