ഉപതിരഞ്ഞെടുപ്പ്; ഈറോഡിൽ എതിരാളികളില്ലാതെ ഡിഎംകെ വിജയത്തിലേക്ക്, യുപിയിലെ മിൽകിപുർ പിടിച്ചെടുത്ത് ബിജെപി

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തിലും ഉത്തർ പ്രദേശിലെ മിൽകിപുറിലും നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. ഈറോഡ് ഈസ്റ്റിൽ ഡിഎംകെ സ്ഥാനാർഥി വിസി ചന്ദ്രകുമാറും മിൽകിപുറിൽ ബിജെപി സ്ഥാനാർഥി ചന്ദ്രഭാനു പാസ്വാനും വിജയിച്ചു.

ഈറോഡ് ഈസ്റ്റിൽ നാം തമിഴർ കക്ഷിയിലെ എംകെ സീതാലക്ഷ്മിയുമായിട്ടായിരുന്നു ചന്ദ്രകുമാറിന്റെ മത്സരം. വോട്ടെണ്ണൽ പകുതി പിന്നിട്ടപ്പോൾ അമ്പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് ചന്ദ്രകുമാറിനുള്ളത്. ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചേക്കും. ഇത്തവണ കോൺഗ്രസിന് അനുയോജ്യനായ സ്ഥാനാർഥിയെ കണ്ടെത്താൻ കഴിയാതിരുന്നതോടെ ആ സീറ്റ് ഡിഎംകെ ഏറ്റെടുക്കുകയായിരുന്നു. ബിജെപി, അണ്ണാ ഡിഎംകെ കക്ഷികൾ ഇത്തവണ വിട്ടുനിന്നു.

സമാജ്‌വാദി പാർട്ടിയുടെ സിറ്റിങ് സീറ്റായിരുന്ന അയോധ്യ ജില്ലയിലെ മിൽകിപുരിൽ ബിജെപി വിജയം പിടിച്ചെടുക്കുകയായിരുന്നു. പകുതിയിൽ അധികം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എസ്പിയുടെ അജിത് പ്രസാദിനേക്കാൾ ഒരു ലക്ഷത്തോളം വോട്ടിന് മുന്നിലാണ് ബിജെപിയുടെ ചന്ദ്രഭാനു പാസ്വാൻ.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അയോധ്യ ഉൾപ്പെടുന്ന ഫെസാബാദ് സീറ്റിൽനിന്ന് എസ്പി നേതാവ് അവദേഷ് പ്രസാദ് വിജയിച്ചതിന് പിന്നാലെ മിൽകിപുർ എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വന്നത്. ഇത്തവണ മത്സരിച്ച അജിത് പ്രസാദ് അവദേഷിന്റെ മകനാണ്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഗോരഖ്‌നാഥിനെ തോൽപ്പിച്ചാണ് അവദേഷ് സീറ്റ് പിടിച്ചെടുത്തത്.

മിൽകിപുരിൽ എസ്പിയുടെ സാന്നിധ്യം ശക്തമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് അവദേഷ്. 2012ൽ ഇവിടെ ആദ്യമായി മത്സരിച്ച അദ്ദേഹം 2012നും 2022നും ഇടയിൽ മൂന്ന് തിരഞ്ഞെടുപ്പിൽ രണ്ട് തവണ വിജയിച്ചു.