മഹാരാഷ്ട്രയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നു വീണ് എട്ട് മരണം; 25 പേരോളം അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിക്കിടക്കുന്നു

മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു. അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 25 പേരോളം കുടുങ്ങി കിടക്കുന്നുവെന്നാണ് പ്രാഥമിക വിവരങ്ങള്‍.

സംഭവത്തേ തുടര്‍ന്ന് ദേശീയ ദുരന്ത പ്രതികരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാര്‍ 20 പേരെ രക്ഷപ്പെടുത്തി.

പട്ടേല്‍ കോമ്പൗണ്ട് പ്രദേശത്തെ ജിലാനി പാര്‍പ്പിട സമുച്ചയമാണ്‌ തകര്‍ന്നത്. 21 ഫ്‌ളാറ്റുകളാണ് ഈ കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ 3.30 ഓടെ ഇതിലെ താമസക്കാര്‍ ഉറങ്ങിക്കിടക്കവേയാണ് കെട്ടിടം തകര്‍ന്നു വീണത്. 1984-ലാണ് കെട്ടിടം നിര്‍മ്മിച്ചതെന്നാണ് വിവരം.

കഴിഞ്ഞ ഓഗസ്റ്റ് 24- ന് റായ്ഗഡ് ജില്ലയിലെ മഹാഡില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ് 16 പേര്‍ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഭീവണ്ടി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അതിന്റെ പരിധിയിലുള്ള കെട്ടിടങ്ങളെ പറ്റി ഓഡിറ്റ് നടത്തി കൊണ്ടിരിക്കെയാണ് ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത്.