നിയമസഭയിൽ ചോദ്യങ്ങൾ ചോദിക്കാതിരിക്കാൻ കൈക്കൂലി വാങ്ങിയ രാജസ്ഥാനിലെ എംഎൽഎ അറസ്റ്റിൽ. ഭാരത് ആദിവാസി പാർട്ടി (ബിഎപി) എംഎൽഎ ജയ്കൃഷൻ പട്ടേലിനെയാണ് ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റു ചെയ്തത്. എംഎൽഎ ക്വാർട്ടേഴ്‌സിൽ വെച്ച് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങി നിമിഷങ്ങൾക്കുള്ളിൽ നടന്ന റെയ്ഡിലാണ് അറസ്റ്റിലായത്. ബൻസ്വാര ജില്ലയിലെ ബഗിദോര നിയമസഭാ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് ജയ്കൃഷൻ പട്ടേൽ.
ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞവർഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചാണ് ജയ്കൃഷൻ എംഎൽഎയാകുന്നത്. ഖനനവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഉന്നയിക്കാൻ മൂന്ന് ചോദ്യങ്ങളാണ് ജയ്കൃഷൻ തയ്യാറാക്കിയിരുന്നു. ഇവ ചോദിക്കാതിരിക്കാൻ ഖനിയുമായി ബന്ധപ്പെട്ടവരിൽ നിന്ന് പത്തുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു. വിലപേശി ഒടുവിൽ രണ്ടരക്കോടി തന്നാൽ ചോദ്യങ്ങൾ ഒഴിവാക്കാമെന്ന് എംഎൽഎ സമ്മതിച്ചു. ആദ്യ പടിയെന്നോണം ഒരു ലക്ഷം രൂപ കൈമാറുകയും ചെയ്തു.
ബാക്കി തുകയിലെ 20 ലക്ഷം രൂപ കൂടി നൽകുന്നതിനിടെയാണ് ജയ്കൃഷൻ പിടിയിലാകുന്നത്. പരാതിക്കാരൻ ഞായറാഴ്ച രാവിലെ ക്വാർട്ടേഴ്‌സിലെത്തി 20 ലക്ഷം കൈമാറി. ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥരെ അറിയിച്ചശേഷമായിരുന്നു നീക്കമെന്നതിനാൽ ഉദ്യോഗസ്ഥർ പുറത്ത് കാത്തുനിൽപ്പുണ്ടായിരുന്നു. പണം കൈമാറിയെന്ന് പരാതിക്കാരൻ ഉദ്യോഗസ്ഥർക്ക് സൂചന നൽകിയ ഉടനെ, അവർ എംഎൽഎ ക്വാർട്ടേഴ്‌സിനകത്തേക്ക് പ്രവേശിച്ച് എംഎൽഎയെ പിടികൂടി. അപ്പോഴേക്കും എംഎൽഎ അടുത്തുണ്ടായിരുന്ന സഹായിയുടെ കൈവശം ബാഗ് കൈമാറി. അയാൾ അതുമായി ഓടി രക്ഷപ്പെടുകയും ചെയ്തു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട വീഡിയോ, ഓഡിയോ തെളിവുകൾ പൊലീസിന്റെ പക്കലുണ്ട്. ഇതുവെച്ച് അഴിമതി തെളിയിക്കാനാകുമെന്ന് പൊലീസ് അറിയിച്ചു. എംഎൽഎ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബിഎപി കൺവീനറും എംപിയുമായ രാജ്കുമാർ റോത്ത് അറിയിച്ചു. അതേസമയം ബിജെപിയുടെ ഗൂഢാലോചന ഇതിനു പിന്നിലുണ്ടാവാമെന്ന് സംശയിക്കുന്നതായി പാർട്ടി നേതാക്കൾ പറഞ്ഞു. 200 സാമാജികരുള്ള രാജസ്ഥാൻ നിയമസഭയിൽ നാല് എംഎൽമാരാണ് ബിഎപിക്കുള്ളത്.