"മൃതസഞ്ജീവനിയുമായി ഹനുമാൻ": ബ്രസീലിലേക്ക് കോവിഡ് വാക്‌സിൻ കയറ്റുമതി ചെയ്തതിന് ഇന്ത്യക്ക് നന്ദി അറിയിച്ച് ബൊല്‍സൊനാരോ

കോവിഡ് -19 വാക്‌സിനുകൾ തന്റെ രാജ്യത്തിന് നൽകിയതിന് ഇന്ത്യയോട് നന്ദി പറഞ്ഞ് ബ്രസീൽ പ്രസിഡന്റ് ജെയർ ബൊല്‍സൊനാരോ. ഹനുമാൻ “മൃതസഞ്ജീവനി”യുമായി ഇന്ത്യയിൽ നിന്ന് ബ്രസീലിലേക്ക് പറക്കുന്നതിന്റെ പ്രതീകാത്മക ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ടാണ് ബൊല്‍സൊനാരോ നന്ദി അറിയിച്ചത്.

കോവിഡ് -19 പകർച്ചവ്യാധിക്കെതിരെ ഒരുമിച്ചു പോരാടുന്നതിൽ ബ്രസീലിന്റെ വിശ്വസ്ത പങ്കാളിയാകാൻ സാധിച്ചത് ബഹുമതിയാണെന്ന് പ്രസിഡന്റ് ജയ്ർ ബൊല്‍സൊനാരോക്ക് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ പ്രതികരിച്ചു. ആരോഗ്യസംരക്ഷണത്തിനുള്ള ഇരുരാജ്യങ്ങളുടെയും സഹകരണം തുടർന്നും ശക്തിപ്പെടുത്തുമെന്നും നരേന്ദ്രമോദി പറഞ്ഞു.

“നമസ്‍കാരം പ്രധാനമന്ത്രി നരേന്ദ്രമോദി, കോവിഡ് എന്ന ആഗോള പ്രതിബന്ധം മറികടക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യയെ പോലെ ഒരു മികച്ച പങ്കാളിയുണ്ടെന്നതിൽ അഭിമാനിക്കുന്നു,” ബ്രസീൽ പ്രസിഡന്റ് ബൊല്‍സൊനാരോ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു. “ഇന്ത്യയിൽ നിന്ന് ബ്രസീലിലേക്ക് വാക്സിൻ കയറ്റുമതി ചെയ്ത് തങ്ങളെ സഹായിച്ചതിന് നന്ദി. ധന്യവാദ്!” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതേ സന്ദേശം പോർച്ചുഗീസിൽ പോസ്റ്റുചെയ്ത ബൊല്‍സൊനാരോ ദ്രോണഗിരി കുന്നും ഒപ്പം സിറിഞ്ചും മരുന്നുകുപ്പിയും വഹിച്ച് ഇന്ത്യയിൽ നിന്ന് ബ്രസീലിലേക്ക് പറക്കുന്ന ഹനുമാന്റെ ഒരു പ്രതീകാത്മക ചിത്രവും പങ്കുവെച്ചു. നന്ദി, ഇന്ത്യ (ധന്യവാദ് ഭാരത്) എന്നും ചിത്രത്തിൽ എഴുതിയിരുന്നു.