കാലില്‍ ശസ്ത്രക്രിയയ്‌ക്കെത്തിയ കുട്ടിയെ സുന്നത്ത് ചെയ്തു; പൊലീസില്‍ പരാതി നല്‍കി മാതാപിതാക്കള്‍

കാലില്‍ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയ കുട്ടിയ്ക്ക് സുന്നത്ത് നടത്തിയതായി പരാതി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കളുടെ അനുമതി കൂടാതെയാണ് ആശുപത്രി അധികൃതര്‍ ശസ്ത്രക്രിയ നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജൂണ്‍ 15ന് ഷാഹപൂരിലെ സബ് ജില്ലാ ആശുപത്രിയിലാണ് സംഭവം. കാലില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ഒന്‍പത് വയസുകാരനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് പകരം ഡോക്ടര്‍ കുട്ടിയെ സുന്നത്ത് ചെയ്തതോടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തി. ഇതിന് പിന്നാലെ ആശുപത്രി അധികൃതര്‍ കുട്ടിയ്ക്ക് കാലിലും ശസ്ത്രക്രിയ നടത്തുകയായിരുന്നു.

കുട്ടിയുടെ മാതാപിതാക്കള്‍ ആരോഗ്യ വകുപ്പിനും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. കുട്ടിയുടെ സ്വകാര്യ ഭാഗത്തെ ത്വക്കിന് കട്ടി കൂടുതലായിരുന്നെന്നും ഇത് ഫിമോസിസ് എന്ന രോഗാവസ്ഥയാണെന്നുമായിരുന്നു ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറായ ഗജേന്ദ്ര പവാര്‍ പറയുന്നത്.

Read more

കഴിഞ്ഞ മാസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കയ്യിലെ ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയ കുട്ടിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തിയത് വലിയ വിവാദമായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ കുട്ടിയുടെ വായില്‍ പഞ്ഞി വച്ചിരിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് ശസ്ത്രക്രിയ മാറിയ വിവരം ഡോക്ടര്‍ അറിഞ്ഞത്.