ബംഗളൂരു രാജ്ഭവന് നേരെ ബോംബ് ഭീഷണി; ഫോണ്‍ സന്ദേശമെത്തിയത് എന്‍ഐഎ കണ്‍ട്രോള്‍ റൂമില്‍

ബംഗളൂരുവിലെ രാജ്ഭവന് നേരെ ബോംബ് ഭീഷണി. ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്‍ട്രോള്‍ റൂമിലേക്കാണ് ബോംബ് ഭീഷണി എത്തിയത്. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയോടെ ആയിരുന്നു സംഭവം. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അജ്ഞാത നമ്പറില്‍ നിന്നെത്തിയ ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

ദേശീയ അന്വേഷണ ഏജന്‍സി ഫോണ്‍ കോളിന്റെ ഉടവിടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്ഭവന്‍ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നും ഏത് സമയവും അത് പൊട്ടിത്തെറിക്കുമെന്നുമായിരുന്നു കണ്‍ട്രോള്‍ റൂമിലെത്തിയ സന്ദേശം. എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ വിവരം ബംഗളൂരു പൊലീസില്‍ അറിയിച്ചു. സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും രാജ്ഭവനിലെത്തി വിശദമായ പരിശോധന നടത്തി.

Read more

മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്ക് ഒടുവില്‍ സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. രാജ്ഭവനില്‍ ബോംബ് സ്‌ക്വാഡിന്റെ പതിവ് പരിശോധനയ്ക്ക് ശേഷമാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേ തുടര്‍ന്ന് രണ്ട് മണിക്കൂറോളം വീണ്ടും പരിശോധന തുടര്‍ന്നു. ഭീഷണിയുടെ സാഹചര്യത്തില്‍ രാജ്ഭവന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.