ഉച്ചത്തില്‍ പാട്ട് വെച്ചത് പിടിച്ചില്ല; വിവാഹച്ചടങ്ങിലേക്ക് തുടരെ ബോംബേറ്; വരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്

വിവാഹ ചടങ്ങില്‍ ഉച്ചത്തില്‍ പാട്ട് വച്ചതിന് ബോംബേറ്. വരന്‍ ഉള്‍പ്പെടെയുള്ള അഞ്ചു പേര്‍ക്ക് പരിക്ക്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി മോമിന്‍പറയിലാണ് ആക്രമണമുണ്ടായത്. ചടങ്ങില്‍ ഉച്ചത്തില്‍ പാട്ട് വച്ചത് ഒരു സംഘം പ്രദേശവാസികളെത്തി ചോദ്യം ചെയ്തു. എന്നാല്‍, ഇത് വകവയ്ക്കാത്തതിനെത്തുടര്‍ന്ന് ബോംബേറ് നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു.

വിവാഹ ചടങ്ങിലേക്ക് ബോംബ് എറിഞ്ഞത് തൃണമൂല്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് ബിജെപിയും, അക്രമത്തിന് പിന്നില്‍ ബിജെപിയാണെന്നും തൃണമൂലം ആരോപിച്ചിട്ടുണ്ട്. ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ന്നതോടെ സ്ഥലത്ത് വന്‍ പൊലീസ് സംഘത്തെ നിയോഗിച്ചു. സ്ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പിരിക്കുകള്‍ ഗുരുതരമല്ല. അഞ്ചിലധികം ബോംബുകളാണ് അക്രമികള്‍ ചടങ്ങിലേക്ക് എറിഞ്ഞത്.

തുടര്‍ന്ന് പൊലീസ് നടതത്തിയ പരിശോധനയില്‍ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്പൂര്‍ സബ് ഡിവിഷനു കീഴിലുള്ള ഭട്പാര-ജഗദ്ദല്‍ ഭാഗത്തുനിന്നും നിരവധി ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കണ്ടാല്‍ അറിയാവുന്ന എട്ടുപേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.