'കര്‍ണാടകയില്‍ എം.എല്‍.എമാരുടെ രാജിയ്ക്ക് പ്രേരണയായത് രാഹുല്‍'; പരിഹസിച്ച് രാജ്‌നാഥ് സിംഗ്

കര്‍ണാടകയില്‍ എം.എല്‍.എമാരുടെ രാജിയ്ക്ക് പ്രേരണയായത് രാഹുല്‍ ഗാന്ധിയാണെന്ന് പരിഹസിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധിയില്‍ ബി.ജെ.പിക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക പ്രശ്‌നം ലോക്‌സഭയില്‍ ഉന്നയിച്ച കോണ്‍ഗ്രസിനു മറുപടിയായാണു രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശം.

ബി.ജെ.പിക്ക് അധികാരത്തോട് അടങ്ങാത്ത ആര്‍ത്തിയാണെന്ന് കര്‍ണാടക പ്രതിസന്ധി ഉന്നയിച്ച് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. മധ്യപ്രദേശിലെയും കര്‍ണാടകയിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരം ശ്രമിക്കുകയാണെന്നും കര്‍ണാടകയിലെ വിമത നീക്കങ്ങള്‍ക്ക് എല്ലാ ഒത്താശയും ചെയ്യുന്നത് ബി.ജെ.പി എം.പിയാണെന്നും അധിര്‍ രഞ്ജന്‍ ചൗധരി ലോക്‌സഭയില്‍ പറഞ്ഞു.

അതേസമയം, കര്‍ണാടകയില്‍ പ്രതിസന്ധി പരിഹരിക്കാന്‍ ജെ.ഡി.എസ് മന്ത്രിമാരും രാജിവച്ചേക്കും. മുഖ്യമന്ത്രി കുമാരസ്വാമി ഒഴികെയുള്ളവര്‍ രാജിവെയ്ക്കാനാണ് ആലോചന. നേരത്തെ മുഴുവന്‍ കോണ്‍ഗ്രസ് മന്ത്രിമാരും രാജി നല്‍കിയിരുന്നു. വിമതരെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് നീക്കം.