‘ഉമർ ഖാലിദിനെ തൂക്കിലേറ്റുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്’: ബി.ജെ.പിയുടെ കപിൽ മിശ്ര 

ഡൽഹി കലാപക്കേസിൽ ആക്ടിവിസ്റ്റ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തതിന് പൊലീസിനെ അഭിനന്ദിച്ച്‌ ബിജെപി നേതാവ് കപിൽ മിശ്ര. “2020 ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന അക്രമങ്ങൾ മുംബൈയിലെ 26/11 ഭീകരാക്രമണത്തിന് സമാനമായിരുന്നു,” കാറിനുള്ളിൽ റെക്കോഡു ചെയ്‌ത വീഡിയോയിൽ മിശ്ര പറഞ്ഞു.

“ഉമർ ഖാലിദ്, താഹിർ ഹുസൈൻ തുടങ്ങിയ കുറ്റവാളികളെ ജീവപര്യന്തം തടവിലാക്കുകയും ആളുകളെ കൊന്ന കുറ്റത്തിന് തൂക്കിലേറ്റുകയും ചെയ്യുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. ഡൽഹിയിലെ പൗരന്മാർ നീതിക്കായി കാത്തിരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്ടിവിസ്റ്റും മുൻ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി നേതാവുമായ ഉമർ ഖാലിദിനെ ഡൽഹി പൊലീസ് 11 മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം ഞായറാഴ്ച രാത്രി നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തലയിൽ) നിയമ (യു.എ.പി.എ) പ്രകാരം അറസ്റ്റ് ചെയ്തു.

വിദ്വേഷ പ്രസംഗത്തിലൂടെ കലാപത്തിന് പ്രേരിപ്പിച്ചു എന്ന ആരോപണം കപിൽ മിശ്രയും നേരിടുന്നുണ്ട്. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ജാഫ്രാബാദിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുത്തിയിരിപ്പ് സമരം നടത്തുന്ന പ്രതിഷേധക്കാരെ റോഡുകളിൽ നിന്നും നീക്കണമെന്ന് ഫെബ്രുവരി 23- ന് ഒരു കൂട്ടം അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് ബിജെപി നേതാവ് പൊലീസിന് അന്ത്യശാസനം നൽകിയിരുന്നു. പൊലീസ് അത് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ നടപടിയെടുക്കാൻ തന്റെ അനുയായികൾ നിർബന്ധിതരാകുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ കപിൽ മിശ്ര പറഞ്ഞു.

കപിൽ മിശ്രയുടെ പ്രസംഗം പ്രദേശത്ത് സംഘർഷം സൃഷ്ടിക്കുകയും ഉച്ചകഴിഞ്ഞ് ഏറ്റുമുട്ടലുകൾക്ക് കാരണമാവുകയും ചെയ്തു. എന്നാൽ ഇയാൾക്കെതിരെ നടപടിയെടുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു.