കോണ്‍ഗ്രസ്- ആംആദ്മി സഖ്യത്തില്‍ ബിജെപി അസ്വസ്ഥരാണ്; ഉടന്‍ കെജ്‌രിവാളിന്റെ അറസ്റ്റുണ്ടാകാനുള്ള സാധ്യതയുണ്ട്, മുന്നറിയിപ്പുമായി ആപ് നേതാക്കള്‍

കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള സമവായം ബിജെപിയെ അസ്വസ്ഥമാക്കുന്നുണ്ടെന്ന് ആംആദ്മി നേതാവ് സൗരഭ് ഭരദ്വാജ്. ഡല്‍ഹിയിലെ ഏഴ് ലോക്സഭാ സീറ്റുകളിലേക്കുള്ള സീറ്റ് വിഭജനം കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും വിജയകരമായി പൂര്‍ത്തീകരിച്ചതോടെ ഇന്ത്യ മുന്നണിയെ തകര്‍ക്കാനുള്ള ശ്രമവുമായി ബിജെപി രംഗത്തിറങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ആപ് നേതാക്കള്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അടുത്ത 2-3 ദിവസത്തിനുള്ളില്‍ തന്നെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത ഉണ്ടെന്നാണ് എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറയുന്നത്. സഖ്യ ചര്‍ച്ചകള്‍ പൂര്‍ത്തിയായതോടെ ഇഡിയ്ക്ക് പിന്നാലെ സിബിഐയും കെജ്രിവാളിനെ കുരുക്കാന്‍ ശ്രമം തുടങ്ങിയെന്നാണ് ആപ് നേതാക്കളുടെ ആരോപണം. നേരത്തെ കോണ്‍ഗ്രസ്- ആംആദ്മി ചര്‍ച്ച ഒരിക്കലും വിജയകരമായി പൂര്‍ത്തിയാവില്ലെന്ന അമിത് ഷാ പ്രതികരിച്ചിരുന്നു. ഇത് തെറ്റിയതോടെ ഉടനടി പ്രതികാര നടപടി ഉണ്ടാകുമെന്നാണ് ആപ് നേതാക്കള്‍ പറയുന്നത്.

ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് ഷെയറിംഗ് തര്‍ക്കത്തെ തുടര്‍ന്ന് അവതാളത്തിലായതിന് പിന്നാലെയാണ് ഛണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ആപ് സഖ്യം വിജയിച്ചത്. ഇതോടെ സ്ഥിതിഗതികള്‍ മാറുകയും ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഡല്‍ഹിയില്‍ വിട്ടുവീഴ്ച മനോഭാവത്തോടെ സീറ്റ് ഷെയറിംഗ് പൂര്‍ത്തിയാക്കുകയായിരുന്നു. എഎപി നാല് സീറ്റിലും കോണ്‍ഗ്രസ് മൂന്ന് സീറ്റിലും മത്സരിക്കുന്ന നിലയില്‍ നാല്-മൂന്ന് എന്ന നിലയില്‍ സീറ്റ് പങ്കിടല്‍ ഫോര്‍മുലയിലേക്ക് സഖ്യം എത്തുകയായിരുന്നു. ഇതോടെ ഇന്ത്യ മുന്നണിയില്‍ മറ്റു സംസ്ഥാനങ്ങളിലും സഖ്യ ചര്‍ച്ചകള്‍ ഫലവത്തായി മാറി.

സീറ്റ് ഷെയറിംഗില്‍ തമ്മില്‍ തല്ലി പിരിയുമെന്ന് കരുതിയിരുന്ന ഇന്ത്യ മുന്നണി സഖ്യത്തില്‍ ഫലപ്രദമായ നീക്കങ്ങള്‍ നടത്തിയത് ബിജെപിയേയും ‘മോദി ഗോദി’ മീഡിയയേയും അമ്പരപ്പിച്ചുവെന്നും ആപ് നേതാക്കള്‍ പറയുന്നു.

എഎപിയും കോണ്‍ഗ്രസും തമ്മിലുള്ള ഇന്ത്യ മുന്നണി സഖ്യ യോഗം നടന്ന നിമിഷം, ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യ ചര്‍ച്ച വിജയമാകുമെന്ന് മാധ്യമങ്ങളും ബിജെപിയും ഇത് പ്രതീക്ഷിച്ചിരുന്നില്ല. എഎപിയും കോണ്‍ഗ്രസും തമ്മില്‍ ഒരിക്കലും സഖ്യമുണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഞങ്ങളുടെ സീറ്റ് പങ്കിടല്‍ കരാര്‍ അന്തിമഘട്ടത്തിലെത്തിയതിന് തൊട്ടുപിന്നാലെ, അരവിന്ദ് കെജ്രിവാളിന് ഇഡിയില്‍ നിന്ന് ഏഴാമത്തെ സമന്‍സ് ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. കൂടാതെ, അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യാന്‍ ഇഡി മാത്രമല്ല, സിബിഐയും നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ചില വിശ്വസ്ത വൃത്തങ്ങള്‍ ഞങ്ങളോട് പറഞ്ഞു.

സിആര്‍പിസി 41എ പ്രകാരമുള്ള ഒരു നോട്ടീസ് അരവിന്ദ് കെജ്രിവാളിന് നല്‍കാന്‍ തയ്യാറായി ഇരിക്കുന്ന കാര്യം തങ്ങള്‍ക്കറിയാമെന്നും സൗരഭ് ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു. ഇത് അദ്ദേഹത്തിന് കൈമാറുമെന്നും വരുന്ന 2-3 ദിവസത്തിനുള്ളില്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്യുമെന്ന് കരുതുന്നുവെന്നും സൗരഭ് പറയുന്നുണ്ട്. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഒരുമിക്കുന്ന സംസ്ഥാനങ്ങളില്‍ വിജയിക്കുക പ്രയാസകരമാണെന്ന് ബിജെപി കരുതുന്നുണ്ടെന്നും അതിനാല്‍ സഖ്യം ബിജെപിയെ ആശങ്കാകുലരാക്കുന്നെന്നും ഭരദ്വാജ് അവകാശപ്പെട്ടു. അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യണമെങ്കില്‍ ചെയ്യൂവെന്ന് ് ഞങ്ങള്‍ ബിജെപിയോട് പറയാന്‍ ആഗ്രഹിക്കുന്നുവെന്നും എന്തുവന്നാലും ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യം ഇനിയും മുമ്പോട്ട് തന്നെ പോകുമെന്നും ആംആദ്മി നേതാക്കള്‍ വ്യക്തമാക്കി.