മാർച്ച് മാസത്തോടെ മഹാരാഷ്ട്രയിൽ ബി.ജെ.പി ഭരണം; അട്ടിമറി ഭീഷണിയുമായി കേന്ദ്രമന്ത്രി

മഹാരാഷ്ട്രയിലെ സർക്കാർ അട്ടിമറിക്കുമെന്ന സൂചനയുമായി കേന്ദ്രമന്ത്രി നാരായൺ റാണെ. മാർച്ച് മാസത്തോടെ മഹാരാഷ്ട്രയിൽ ബി.ജെ.പി സർക്കാർ രൂപീകരിക്കുമെനനും വലിയ മാറ്റത്തിന് നിങ്ങൾ സാക്ഷികളാവുമെന്നും നാരായൺ റാണെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സർക്കാർ രൂപവത്കരിക്കാനാണെങ്കിലും താഴെയിറക്കാനാണെങ്കിലും ചില കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്തായാലും മൂന്ന് രാഷ്ട്രീയ പാർട്ടികളുടെ സംഘടനയായ മഹാ വികാസ് അഘാദി സർക്കാർ അധികകാലം മഹാരാഷ്ട്രയിൽ നിലനിൽക്കില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിചേർത്തു. നിലവിൽ മഹാരാഷ്ട്രയിൽ ശിവസേന, എൻസിപി, കോൺഗ്രസ് സഖ്യമാണ് ഭരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ രണ്ടുവർഷം ബാക്കിനിൽക്കെയുള്ള കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഇതോടെ പുതിയ വിവാദത്തിന് തിരികൊളുത്തി.

നേരത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ കരണത്തടിക്കും എന്ന് പറഞ്ഞതിന് പൊലീസ് നാരായൺ റാണെയെ അറസ്‌റ്റ് ചെയ്തിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം ഉദ്ധവ് മറന്നുപോയെന്നും ആ സമയം താൻ അവിടെ ഉണ്ടായിരുന്നെങ്കിൽ ഉദ്ധവിന്റെ കരണം നോക്കി ഒന്നുകൊടുത്തേനെ എന്നും റാണെ പറഞ്ഞിരുന്നു. ഈ പരാമർശമാണ് അറസ്റ്റിന് കാരണമായത്.

മുൻ ശിവസേന നേതാവ് കൂടിയാണ് രണ്ടാംമോദി സർക്കാരിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ വകുപ്പു മന്ത്രിയായ റാണെ. 2005ൽ ശിവസേന വിട്ട റാണെ 2017 വരെ കോൺഗ്രസിൽ തുടർന്നു. പിന്നീട് മഹാരാഷ്ട്ര സ്വഭിമാൻ പക്ഷം എന്ന പാർട്ടിയുണ്ടാക്കി. 2019ൽ റാണെ തന്റെ പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കുകയായിരുന്നു.