കത്തോലിക്ക പള്ളിയില്‍ പ്രാര്‍ത്ഥിക്കണമെന്ന് ബിജെപി അധ്യക്ഷന്‍; പ്രതിഷേധിച്ച് യുവാക്കള്‍; മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന് കേസെടുത്ത് പൊലീസ്

മത സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചതിന് തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈക്കെതിരെ കേസെടുത്ത് പൊലീസ്. കത്തോലിക്ക പള്ളിയിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. ബിജെപിയുടെ സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി കത്തോലിക്ക പള്ളിയില്‍ കയറി പ്രാര്‍ത്ഥിക്കാന്‍ ശ്രമിച്ചതോടെ അണ്ണാമലൈക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ധര്‍മ്മപുരിയിലെ കത്തോലിക്ക പള്ളിയിലാണ് അണ്ണാമലൈ പ്രാര്‍ത്ഥിക്കാനെത്തിയത്. ഇതേ തുടര്‍ന്ന് ഒരു വിഭാഗം യുവാക്കള്‍ പള്ളിയിലെത്തി മണിപ്പൂരില്‍ ക്രിസ്ത്യാനികളെ കൊന്നൊടുക്കാന്‍ കൂട്ടുനില്‍ക്കുന്നവര്‍ക്ക് പള്ളിയിലെന്ത് കാര്യമെന്ന് ചോദിച്ചാണ് പ്രതിഷേധിച്ചത്. പള്ളി എല്ലാവരുടേതുമാണെന്നും പതിനായിരം പേരെ അണിനിരത്തി താന്‍ പള്ളിക്ക് മുന്നില്‍ കുത്തിയിരുന്നാല്‍ എന്ത് ചെയ്യുമെന്ന് യുവാക്കളോട് ചോദിച്ചു.

ഇതോടെ വാക്കേറ്റം മൂര്‍ച്ഛിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി യുവാക്കളെ നീക്കം ചെയ്ത ശേഷമാണ് അണ്ണാമലൈ പള്ളിക്കുള്ളില്‍ കയറി പ്രാര്‍ത്ഥിച്ചത്. സംഭവത്തിന് പിന്നാലെ കാര്‍ത്തിക് എന്ന യുവാവ് നല്‍കിയ പരാതിയിലാണ് അണ്ണാമലൈക്കെതിരെ പൊലീസ് കേസെടുത്തത്. മതസ്പര്‍ദ്ധ സൃഷ്ടിക്കുക, ആരാധനാലയത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുക തുടങ്ങിയ കുറ്റങ്ങളാണ് ബിജെപി അധ്യക്ഷനെതിരെ ചുമത്തിയിട്ടുള്ളത്.