ഉന്നാവോ അപകടം; എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാര്‍ കേസില്‍ നിന്ന് പിന്മാറാന്‍  സമ്മര്‍ദ്ദം ചെലുത്തുന്നതായി പെണ്‍കുട്ടിയുടെ ബന്ധു 

ഉന്നാവോ പീഡനക്കേസിലെ പ്രതി ബി.ജെ.പി, എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാള്‍ കേസില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പെണ്‍കുട്ടിയുടെ ബന്ധു ആരോപിച്ചു.എം.എല്‍.എ ഭീഷണിപ്പെടുത്തിയെന്നും സര്‍ക്കാരില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും ബന്ധു പറഞ്ഞു. പെണ്‍കുട്ടിയുടെ സഹോദരനെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ബന്ധു ആരോപിക്കുന്നു.

അതേസമയം സംഭവത്തില്‍ യു.പി സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് യു.പി സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടുണ്ട്.

വാഹനം അപകടത്തില്‍ പെട്ടതിന് പിന്നാലെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. കേസില്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. സംഭവം ആസൂത്രിതമാണെന്നാണ്  പെണ്‍കുട്ടിയുടെ  കുടുംബവും ആരോപിക്കുന്നത്.

അതിനിടെ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു. നമ്പര്‍ പ്ലേറ്റ് കറുത്ത പെയിന്റടിച്ച് മായിച്ച നിലയിലായിരുന്നുവെന്നും പെണ്‍കുട്ടിയ്ക്ക് നല്‍കിയിരുന്ന പൊലീസ് സുരക്ഷ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നെന്നും ആക്ഷേപമുണ്ട്.

കോടതി അനുവദിച്ചിരുന്ന പൊലീസ് സുരക്ഷ രണ്ടുദിവസം മുമ്പ് യു.പി പൊലീസ് അകാരണമായി പിന്‍വലിച്ചെന്നാണ് ആക്ഷേപം. എന്നാല്‍ കുടുംബം പറഞ്ഞതിനെ തുടര്‍ന്നാണ് സുരക്ഷ പിന്‍വലിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഡ്രൈവറും വാഹന ഉടമയും അറസ്റ്റിലായിട്ടുണ്ട്