കുളിച്ച് കൊണ്ടിരുന്ന ആളോട് റേഷന്‍ കാര്‍ഡുണ്ടോ എന്ന ചോദ്യവുമായി ബി.ജെ.പി, എം.എൽ.എ; വൈറലായി പ്രചാരണ വീഡിയോ

രാജ്യത്ത് കോവിഡ്, ഒമൈക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പാര്‍ട്ടികളുടെ പൊതുറാലികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് എന്നാല്‍ ചിലയിടങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ വീടുകളില്‍ സന്ദര്‍ശിച്ച് പ്രചാരണം നടത്തുന്നുണ്ട്. കാണ്‍പൂരിലെ ബിജെപി എംഎല്‍എയുടെ വീടുതോറുമുള്ള സന്ദര്‍ശനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

കാണ്‍പൂര്‍ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര മൈതാനിയുടെ പ്രചാരണ ദൃശ്യങ്ങളാണ് പ്രചരിച്ച് കൊണ്ടിരിക്കുന്നത്. സുരേന്ദ്ര മൈതാനി കുളിച്ചു കൊണ്ടിരിക്കുന്ന ഒരാളുടെ അടുത്ത് ചെന്ന് സുഖ വിവരങ്ങള്‍ അന്വേഷിക്കുന്നതും ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് അയാളോട് പറയുന്നതും വീഡിയോയില്‍ കാണാം. ‘കുഴപ്പങ്ങളൊന്നുമില്ലല്ലോ? നിങ്ങളുടെ വീട് പണി പൂര്‍ത്തിയായോ? നിങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിച്ചോ?’ എന്നീ കാര്യങ്ങളാണ് സുരേന്ദ്ര മൈതാനി ചോദിച്ചത്. ചോദ്യങ്ങള്‍ക്ക് അതെ എന്ന് കുളിച്ചു കൊണ്ടിരുന്നയാള്‍ മറുപടി പറയുന്നതും കാണാം.

ഭവനപദ്ധതിയുടെ കീഴില്‍ വിജയകരമായി വീട് നിര്‍മാണം പൂര്‍ത്തിയാക്കിയ ഒരു ഗുണഭോക്താവിന്റെ അടുത്തെത്തി അഭിനന്ദിച്ചു. ബി.ജെ.പി ചിഹ്നത്തില്‍ വോട്ട് ചെയ്ത് എന്നെ വിജയിപ്പിക്കണം എന്ന് അയളോട് അഭ്യര്‍ത്ഥിച്ചു എന്ന അടിക്കുറിപ്പോടു കൂടി സുരേന്ദ്ര മൈതാനി തന്നെയാണ് വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചത്. ഈ വീഡിയോ നിരവധി ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ജനങ്ങളുമായി അടുത്തിടപെഴകുന്ന നിരവധി ചിത്രങ്ങള്‍ അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

ഫെബ്രുവരി 10നാണ് ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് ആരംഭിക്കുക. ഏഴുഘട്ടമായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം ഫെബ്രുവരി 10ന് തുടങ്ങി മാര്‍ച്ച് ഏഴിന് അവസാനിക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍