ബി.ജെ.പി സംസ്ഥാന മന്ത്രിസഭകളില്‍ കൂറുമാറ്റക്കാരുടെ നീണ്ട നിര; വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരില്‍ 29 ശതമാനം പേരെയും പാര്‍ട്ടിയിലെത്തിച്ചത് മറുകണ്ടം ചാടിച്ച്

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലുള്ള ബിജെപി മന്ത്രിമാരില്‍ 29 ശതമാനം പേരും മറ്റു പാര്‍ട്ടികളില്‍ നിന്ന് കൂറുമാറിയെത്തിയവര്‍‌. ബി.ജെ.പി മുഖ്യമന്ത്രിമാരുള്ള 12 സംസ്ഥാനങ്ങളിലെ മുന്നിലൊന്നോളം മന്ത്രിമാരും മറ്റു പാര്‍ട്ടികളില്‍ നിന്ന് വന്‍ ഒാഫറുകള്‍ കൈപ്പറ്റി മറുകണ്ടം ചാടിയവരാണ്.  180 ബി.ജെ.പി സംസ്ഥാന  മന്ത്രിമാരില്‍ 53 പേരും ഇങ്ങനെ എത്തിയവരാണ്.

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ മന്ത്രിമാരുടെ കണക്കെടുത്താല്‍ ഹരിയാനയില്‍ മന്ത്രിമാരും സഹമന്ത്രിമാരുമായ 14 പേരില്‍ മൂന്നുപേര്‍ മറ്റ് പാര്‍ട്ടിയില്‍നിന്നെത്തിയവരാണ്. ഉത്തരാഖണ്ഡില്‍ 10ല്‍ അഞ്ചു മന്ത്രിമാരും ബി.ജെ.പിക്കു പുറത്തുനിന്നെത്തിയവരാണ്. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ മറ്റ് പാര്‍ട്ടികളില്‍നിന്നുള്ളവരാണ്.

ഗുജറാത്തില്‍ 24 അംഗ ബി.ജെ.പി മന്ത്രിസഭയില്‍ ഏഴുപേര്‍ മറ്റ് പാര്‍ട്ടിക്കാരാണ്. ഗോവയില്‍ മന്ത്രിമാരില്‍ രണ്ടുപേര്‍ കോണ്‍ഗ്രസില്‍ നിന്നെത്തിയവരാണ്. ത്രിപുരയിലെ ഏഴംഗ ബി.ജെ.പി മന്ത്രിസഭയില്‍ നാലുപേര്‍ കോണ്‍ഗ്രസ് നേതാക്കളാണ്. മണിപ്പുരില്‍ ആറംഗ ബി.ജെ.പി മന്ത്രിസഭയില്‍ മുഖ്യമന്ത്രി എന്‍ ബിരണ്‍ സിങ്ങുള്‍പ്പെടെ അഞ്ച് മന്ത്രിമാരും മറ്റു പാര്‍ട്ടിക്കാരാണ്. അരുണാചല്‍പ്രദേശില്‍ മുഖ്യമന്ത്രി പെമ ഖണ്ഡു ഉള്‍പ്പെടെ ഒമ്പത് മന്ത്രിമാരും കോണ്‍ഗ്രസ് വിമതരാണ്.

ജാര്‍ഖണ്ഡില്‍ പത്ത് അംഗ മന്ത്രിസഭയില്‍ രണ്ടുപേര്‍ മറ്റുപാര്‍ടിക്കാരാണ്. ഹിമാചല്‍പ്രദേശ് മന്ത്രിസഭയില്‍ അംഗമായ അനില്‍ ശര്‍മ കോണ്‍ഗ്രസില്‍നിന്ന് കളംമാറി എത്തിയതാണ്. അസമില്‍ 2016ല്‍ സഖ്യത്തിലൂടെ ബി.ജെ.പി ആദ്യമായി അധികാരത്തിലെത്തിയ 11 അംഗ മന്ത്രിസഭയില്‍ പകുതിയോളം പേരും കോണ്‍ഗ്രസില്‍ നിന്നെത്തിയതാണ്.

ബീഹാറുള്‍പ്പെടെ ബി.ജെ.പി സഖ്യകക്ഷിയായ സംസ്ഥാന സര്‍ക്കാരുകളെ പരിഗണിക്കാതെയുള്ള കണക്കാണിത്. ബി.ജെ.പിയുടെ സഖ്യകക്ഷികളിലേക്ക് ചേക്കേറിയ മറ്റു പാര്‍ട്ടിക്കാരുടെ എണ്ണവും ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല.