റിജില്‍ മാക്കുറ്റിയെ താരപ്രചാരകനാക്കി ബിജെപി; പരസ്യകശാപ്പിന്റെ ഫോട്ടോയുമായി കര്‍ണാടകയിലെ വീടുകള്‍ കയറി ഇറങ്ങുന്നു; തുടക്കമിട്ട് കേന്ദ്രമന്ത്രി

കര്‍ണാടക തിരഞ്ഞെടുപ്പില്‍ കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിനെ ‘പ്രചാരകനാക്കി’ ബിജെപി. ഉത്തരേന്ത്യയില്‍ ഗോവധം ആരോപിച്ച് ആള്‍ക്കൂട്ടക്കൊലപാതകം നടക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തടത്തിയ കശാപ്പാണ് ബിജെപി ആയുധമാക്കിയിരിക്കുന്നത്. അന്നു പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയുടെ ചിത്രങ്ങളടക്കമാണ് വീടുകയറി ബിജെപി പ്രചരണം നടത്തുന്നത്.

കഴിഞ്ഞ ദിവസം റിജിലും കോണ്‍ഗ്രസ് കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ഡി.കെ.ശിവകുമാറും ഒരുമിച്ചുനില്‍ക്കുന്ന ചിത്രം പത്രസമ്മേളനത്തിനിടെ കേന്ദ്രമന്ത്രി ശോഭ കരന്തലാജെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തിരുന്നു. കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ കൂട്ട് ഗോവധം നടത്തുന്നവര്‍ക്കൊപ്പമാണെന്നും അവര്‍ ആരോപിച്ചിരുന്നു. കൊല്ലപ്പെട്ട ഗുണ്ടാനേതാവ് അതീഖ് അഹമ്മദിന്റെ അടുത്ത സുഹൃത്ത് ഇമ്രാന്‍ പ്രതാപ്ഗഡി എംപിയെ കോണ്‍ഗ്രസ് താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും ആരോപിച്ചു.

അതേസമയം, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള അവസാനത്തെ സ്ഥാനാര്‍ഥിപ്പട്ടിക കോണ്‍ഗ്രസും ബി.ജെ.പിയും പുറത്തിറക്കി. കോണ്‍ഗ്രസ് പുറത്തിറക്കിയ അവസാനഘട്ട പട്ടികയില്‍ അഞ്ചു പേരുകളാണുള്ളത്. 2018 ല്‍ വി. മുനിയപ്പ വിജയിച്ച സിദ്ലഘട്ട മണ്ഡലത്തില്‍ അദ്ദേഹത്തെ ഒഴിവാക്കി ബി.വി. രാജീവ് ഗൗഡയെ മത്സരിപ്പിക്കുന്നതാണ് അവസാന പട്ടികയിലെ ശ്രദ്ധേയമായ കാര്യം. ഇതിനുമുമ്പ് അഞ്ചു പട്ടികകളാണ് കോണ്‍ഗ്രസ് പുറത്തിറക്കിയിരുന്നത്.

ബി.ജെ.പിയുടെ നാലാമത്തെയും അവസാനത്തേതുമായ സ്ഥാനാര്‍ഥിപ്പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രണ്ട് സ്ഥാനാര്‍ഥികളാണ് ഈ പട്ടികയിലുണ്ടായിരുന്നത്. ശിവമോഗയില്‍ ചന്നബസപ്പയെ മത്സരിപ്പിക്കുമ്പോള്‍ സിറ്റിങ് എം.എല്‍.എയും മുതിര്‍ന്ന പാര്‍ട്ടിനേതാവുമായ കെ.എസ്. ഈശ്വരപ്പയുടെ മകന് ടിക്കറ്റ് നിഷേധിക്കുന്നതാണ് ബി.ജെ.പിയുടെ അന്തിമ പട്ടികയില്‍നിന്നു വ്യക്തമാകുന്ന ചിത്രം. മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ ഈശ്വരപ്പ തെരഞ്ഞെടുപ്പു രാഷ്ര്ടീയത്തില്‍നിന്നു വിരമിക്കാനുള്ള തീരുമാനം അടുത്തിടെ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.

ശിവമോഗ മണ്ഡലത്തില്‍നിന്ന് അഞ്ചു തവണ എം.എല്‍.എയായ തന്നെ ഇത്തവണ പരിഗണിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പകരം ഈ സീറ്റ് തന്റെ മകന്‍ കെ.ഇ. കാന്തേഷിനു നല്‍കണമെന്നായിരുന്നു ആവശ്യം. സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയായതോടെ ഇതാണു നിരാകരിക്കപ്പെട്ടത്. എന്നാല്‍ പാര്‍ട്ടിയോടു ദേഷ്യമില്ലെന്നും കേവല ഭൂരിപക്ഷത്തോടെ ബി.ജെ.പി. സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമായിരുന്നു ഇതേക്കുറിച്ചുള്ള ഈശ്വരപ്പയുടെ പ്രതികരണം. പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നവരെ തിരിച്ചു കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. മേയ് പത്തിനാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്. നാളെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാം. തെരഞ്ഞെടുപ്പു ഫലം മേയ് 13 ന് പ്രഖ്യാപിക്കും.