ലഖിംപൂര്‍ ഖേരിയിലും ബി.ജെ.പി മുന്നില്‍

ഉത്തര്‍ പ്രദേശില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ബി.ജെ.പി വലിയ മുന്നേറ്റം തുടരുകയാണ്. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെ അപ്രസക്തമാക്കി ഇരുന്നൂറ്റി അന്‍പതിലധികം സീറ്റില്‍ ബി.ജെ.പി തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. 37 വര്‍ഷത്തിന് ശേഷം യു.പിയില്‍ ബി.ജെപി അധികാരത്തുടര്‍ച്ച ഉറപ്പാക്കുകയാണ്.

കര്‍ഷക രോഷം രൂക്ഷമായ ലഖിംപൂര്‍ഖേരിയില്‍ ഉള്‍പ്പടെ ബി.ജെ.പിയാണ് മുന്നില്‍ നില്‍ക്കുന്നത്. കര്‍ഷകരെ കേന്ദ്ര മന്ത്രി അജയ്മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ കര്‍ഷക പ്രതിഷേധം ശക്തമായിരുന്നു.

ബി.ജെ.പി സര്‍ക്കാരിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കനത്ത തിരിച്ചടി പ്രതീക്ഷിച്ചിരുന്ന ലഖിംപൂര്‍ഖേരിയില്‍ ബി.ജെ.പിയുടെ മുന്നേറ്റം പ്രതിപക്ഷ പാര്‍ട്ടികളെ ഞെട്ടിക്കുന്നതാണ്.

ഉത്തര്‍ പ്രദേശില്‍ നൂറിലധികം സീറ്റുകളില്‍ സമാജ്വാദി പാര്‍ട്ടിയാണ് മുന്നില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസിന് ഒറ്റ സംഖ്യയില്‍ നിന്ന് മുന്നേറാന്‍ കഴിഞ്ഞിട്ടില്ല.

വോട്ടെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും ഉള്‍പ്പടെ ബി.ജെ.പി തന്നെയാണ് മുന്നില്‍. പഞ്ചാബില്‍ തരംഗം സൃഷ്ടിച്ച് ആംആദ്മി പാര്‍ട്ടി മുന്നേറുകയാണ്.